രഹസ്യ വിവരങ്ങൾ കൈമാറാൻ ഇന്ത്യ–യുഎസ് കരാർ; മന്ത്രാലയങ്ങൾ തമ്മിൽ ഹോട്‌ലൈൻ ബന്ധം

‘ടു പ്ലസ് ടു’ ചർച്ചകൾക്കായി ന്യൂഡൽഹിയിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോയും ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പ്രതിരോധമന്ത്രി നിർമല സീതാരാമനുമൊപ്പം.

ന്യൂഡൽഹി∙ പ്രതിരോധ, ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സഹകരണത്തിനു വഴിതെളിച്ച് പ്രഥമ ഇന്ത്യ– യുഎസ് ദ്വിതല ചർച്ച. യുഎസിൽ നിന്ന് അത്യാധുനിക പ്രതിരോധ വിവരശേഖരണ സാമഗ്രികൾ ഇന്ത്യയ്ക്കു ലഭ്യമാക്കുന്ന ആശയവിനിമയ, സുരക്ഷാ കരാർ (കോംകാസ) ഇരു രാജ്യങ്ങളും ഒപ്പിട്ടു.

യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധമന്ത്രി നിർമല സീതാരാമനും നടത്തിയ ചർച്ചയിൽ, മന്ത്രാലയങ്ങൾ തമ്മിൽ ഹോട്‌ലൈൻ ബന്ധം സ്ഥാപിക്കാനും ധാരണയായി. പോംപെയോയും മാറ്റിസും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി.

യുഎസ് സൈന്യം ഉപയോഗിക്കുന്ന അത്യാധുനിക ആശയവിനിമയ ഉപകരണങ്ങളും യുഎസ് ഇന്റലിജൻസ് ശേഖരിക്കുന്ന വിവരങ്ങളും ഇന്ത്യൻ സേനയ്ക്കു ലഭ്യമാക്കാൻ വഴിയൊരുക്കുന്ന കോംകാസ കരാർ പ്രതിരോധ സഹകരണത്തിൽ നാഴികക്കല്ലാകുമെന്നു സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാർക്ക് എച്ച്1ബി വീസ ലഭ്യമാക്കുന്നതിൽ നിയന്ത്രണങ്ങൾ ചുമത്തുന്നതിലുള്ള ആശങ്ക സുഷമ അറിയിച്ചു. അതിർത്തി കടന്നുള്ള ഭീകരത പ്രോൽസാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ നടപടി അവസാനിപ്പിക്കണമെന്ന ഇന്ത്യൻ ആവശ്യത്തോടു യുഎസ് യോജിച്ചു. ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി, റഷ്യയുമായുള്ള പ്രതിരോധ സഹകരണം എന്നീ വിഷയങ്ങളിൽ ഇന്ത്യൻ നിലപാടിനോടു യുഎസിനു യോജിപ്പില്ലെങ്കിലും ഇക്കാര്യത്തിൽ വിശദ ചർച്ച നടന്നില്ല.

മറ്റു തീരുമാനങ്ങൾ

∙ പ്രതിരോധ നിർമാണ രംഗത്തു പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്കു യുഎസ് കമ്പനികളുമായി ബന്ധപ്പെടുന്നതിനു സ്ഥിരം ഉദ്യോഗസ്ഥനെ നിയമിക്കും.

∙ ആണവദാതാക്കളുടെ കൂട്ടായ്മയിൽ (എൻഎസ്ജി) ഇന്ത്യയ്ക്കു സ്ഥിരാംഗത്വം ലഭിക്കുന്നതിനെ പിന്തുണയ്ക്കും.

∙ ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഇരുസേനകളുടെയും സംയുക്ത അഭ്യാസം അടുത്തവർഷം.

∙ അഫ്ഗാനിസ്ഥാൻ, ഉത്തര കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണി ഒന്നിച്ചു നേരിടും.

കോംകാസ: ചൈനയ്ക്കെതിരെ ഇന്ത്യയ്ക്കു കരുത്തേകും

ന്യൂഡൽഹി∙ യുഎസുമായി ഒപ്പിട്ട കോംകാസ, ചൈനയുടെ ഭീഷണി നേരിടാൻ ഇന്ത്യയ്ക്കു കരുത്തു പകരും. പത്തു വർഷത്തേക്കാണു കരാർ. ഏറ്റവും ആധുനിക പ്രതിരോധ വിവരശേഖരണ സംവിധാനമുള്ള യുഎസിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ചൈനയുമായുള്ള ബലാബലത്തിൽ ഇന്ത്യയ്ക്കു ഗുണം ചെയ്യുമെന്നു പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കരാർ ഒപ്പിട്ടതോടെ, യുഎസ് പ്രതിരോധ ശൃംഖലയുമായി ഇന്ത്യയ്ക്ക് നേരിട്ടു ബന്ധപ്പെടാനുള്ള വഴിയൊരുങ്ങും. ഇന്ത്യൻ സമുദ്രം, ചൈനീസ് അതിർത്തി എന്നിവിടങ്ങളിൽ യുഎസ് സേനയുടെ നിരീക്ഷണ ഉപഗ്രഹങ്ങളിൽ നിന്നുളള വിവരങ്ങളും ഇന്ത്യയ്ക്കു ലഭിക്കും.

ഇന്ത്യ തിരിച്ചു സഹായിക്കണം

നിലവിൽ പ്രതിരോധ വിവരങ്ങൾ യുഎസ് കൈമാറുന്നുണ്ടെങ്കിലും പലപ്പോഴും പൂർണമല്ല, ശേഖരിച്ചയുടൻ ലഭ്യമാക്കാറുമില്ല. ഉടനടിയുള്ള വിവര കൈമാറ്റത്തിനാണു കരാർ വഴിയൊരുക്കുന്നത്. ഇന്ത്യൻ സമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം, അവയുടെ സാങ്കേതിക സവിശേഷത എന്നിവ ഇനി ഇന്ത്യൻ നാവികസേനയ്ക്കു ലഭിക്കും.

യുഎസിൽ നിന്നു വാങ്ങിയ വിമാനങ്ങൾ, ഡ്രോണുകൾ ഉൾപ്പെടെയുള്ളവയിൽ യുഎസ് വിവരശേഖരണ ഉപകരണങ്ങൾ വൈകാതെ ഘടിപ്പിക്കും. ഇന്ത്യ ശേഖരിക്കുന്ന രഹസ്യവിവരങ്ങൾ യുഎസിനു നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്.

ദോക് ലാ പാഠം

സിക്കിം അതിർത്തിയിലെ ദോക് ലായിൽ കഴിഞ്ഞ വർഷം ചൈനയുമായി ഉണ്ടായ സംഘർഷത്തിനിടെയാണ് യുഎസ് രഹസ്യാന്വേഷണത്തിന്റെ പ്രസക്തി ഇന്ത്യ തിരിച്ചറിഞ്ഞത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ അന്ന് യുഎസ് ഇന്ത്യയ്ക്കു കൈമാറിയിരുന്നു.