ദുരന്ത നിവാരണത്തിന് മുൻഗണന നൽ‍കണം: സുപ്രീം കോടതി

ന്യൂഡൽഹി∙ കേരളത്തിലെ പ്രളയത്തിൽനിന്നു പാഠമുൾക്കൊണ്ട് ദുരന്തനിവാരണ പ്രക്രി‌യകൾക്കു മുൻഗണന നൽ‍കാൻ എല്ലാ സംസ്ഥാനങ്ങളും തയാറാകണമെന്നു സുപ്രീം കോടതി. ദുരന്ത മാനേജ്മെന്റ് നിയമപ്രകാരമുള്ള റിപ്പോർട്ടുകളും പ്ലാനും പ്രാദേശിക ഭാഷയിൽ പരസ്യപ്പെടുത്തിയിട്ടുള്ളത് ഒൻപതു സംസ്ഥാനങ്ങൾ മാത്രമാണെന്നു ജസ്റ്റിസ് മദൻ ബി.ലൊക്കൂർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

മനസ്സിലാകാത്ത ഭാഷയിൽ വെബ്സൈറ്റിൽ പ്ലാനുകളും മറ്റും ലഭ്യമാക്കിയിട്ട് എന്തു കാര്യം? അടുത്ത മാസം 30ന് അകം നടപടിയുണ്ടാവണം – കോടതി നിർദേശിച്ചു. ദുരന്ത മാനേജ്മെന്റ് നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഗൗരവ് ബൻസൽ എന്ന അഭിഭാഷകൻ നൽകിയ ഹർജിയാണു പരിഗണിച്ചത്.