Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണക്കെട്ട് തുറക്കുമ്പോൾ ‘വിനോദസഞ്ചാരം’ വേണ്ട; മുൻകരുതലെടുക്കണമെന്നും നിർദേശം

idukki-dam2

തിരുവനന്തപുരം∙ ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്നാൽ അപകട സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തു വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ മുൻകരുതലെടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2013ൽ ഇടമലയാർ അണക്കെട്ട് തുറന്നു വിട്ടപ്പോൾ വെള്ളം കയറിയ എല്ലാ സ്ഥലങ്ങളിലുമുള്ളവർ സുരക്ഷാ മുൻകരുതലുകളെടുക്കണം.

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണാൻ വിനോദസഞ്ചാരികളായി പോകരുത്. ഇത് അടിയന്തര സാഹചര്യ നിയന്ത്രണ പ്രവർത്തങ്ങൾക്ക് തടസം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളിൽ നിന്നുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍

∙ ഷട്ടർ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നിൽക്കരുത്.  

∙ പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും ഒഴിവാക്കുക.

∙ നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും  എമർജൻസി കിറ്റ് ഉണ്ടാക്കിവയ്ക്കണം. ടോർച്ച്, റേഡിയോ, കുടിവെള്ളം, ഒരു പാക്കറ്റ് ഒആർഎസ്, അത്യാവശ്യമരുന്നുകൾ, 100 ഗ്രാം കപ്പലണ്ടി,  100  ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ചെറിയ കത്തി, 10 ക്ലോറിൻ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി, ചാർജ് ചെയ്ത മൊബൈൾ ഫോൺ, അത്യാവശ്യത്തിനു പണം എന്നിവ കിറ്റിൽ വേണം. 

∙ പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ  വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക. 

∙ ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നൽകുക. 

∙ ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.  

∙ ആവശ്യമാണെങ്കിൽ ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് മാറാൻ ശ്രമിക്കുക.  

∙ വെള്ളം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിൻ സ്വിച്ച് ഓഫ് ആക്കുക.  

∙ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പരുകൾ 

എറണാകുളം - 0484-1077 (Mob: 7902200300, 7902200400)

ഇടുക്കി - 04862-1077 (Mob: 9061566111, 9383463036)

തൃശൂർ -  0487-1077, 2363424 (Mob: 9447074424)

∙ പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കയ്യിൽ സൂക്ഷിക്കുക.

∙ വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ  അറിയിക്കുക.

∙ വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ  ഉയരത്തിൽ വെക്കുക.

∙ വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് നീന്താൻ അറിയും.  

∙ വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക്‌ ചെയ്യുക.

∙ താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക്‌ ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.

∙ രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നൽകുവാൻ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.  

related stories