Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശങ്ക നിറച്ച് ന്യൂനമർദം; ‘ചുവന്ന ഞായറി’നെ നേരിടാൻ ഒരുങ്ങി ഹൈറേഞ്ച്

വർഗീസ് സി. തോമസ്
idukki-dam-reservoir ഇടുക്കി അണക്കെട്ടിന്റെ റിസർവോയർ. ചിത്രം: അരവിന്ദ് ബാല

കൗതുകവും ആവേശവുമൊക്കെ ഒലിച്ചുപോയി. ഇക്കുറി ഇടുക്കി ഡാം തുറക്കേണ്ടതു ചരിത്രത്തിലേക്കല്ല, ന്യൂനമർദച്ചുഴലിയുടെ വെല്ലുവിളി നിറഞ്ഞ ആശങ്കയിലേക്ക്. ചുഴലിക്കാറ്റ് കൊണ്ടുവരുന്ന പേമാരിയുടെ കാണാനിരിക്കുന്ന കൈക്കരുത്തു ഭയന്നാണ് ഡാം മാനേജർമാർ ചെറുതോണി ഡാമിന്റെ ഷട്ടർ തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ തൽക്കാലത്തേക്ക് ഇതുവേണ്ടെന്നാണു പുതിയ തീരുമാനം. 1981, 1992, 2018 ഓഗസ്റ്റ് എന്നിങ്ങനെ മൂന്നു തവണയാണ് ഇതിനു മുൻപ് ഡാം തുറന്നത്. 81, 92 തുലാമഴക്കാലത്താണ് ഇടുക്കി തുറന്നതെങ്കിൽ 2018ൽ ഇതാദ്യമായി കാലവർഷത്തിലും തുലാവർഷത്തിനു തൊട്ടുമുമ്പും ഡാം തുറക്കേണ്ട സ്ഥിതി സംജാതമായി. 

നിലവിൽ 83% വെള്ളമാണ് ഇടുക്കിയിൽ ഉള്ളതെങ്കിലും വീണ്ടുമൊരു സാഹസത്തിനു സർക്കാരും ദുരന്ത നിവാരണ അതോറിറ്റിയും വൈദ്യുതി ബോർഡും ഒരുക്കമല്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാനായി ചെറുതോണി അണക്കെട്ടു തൽക്കാലം തുറക്കില്ലെന്ന നടപടി ഇടുക്കിക്ക് ആശ്വാസമേകുമ്പോൾ പെരിയാറിന്റെ താഴ്‌വരയിലും എറണാകുളം ജില്ലയിലും നേരിയ ആശങ്കയുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളം എന്ന കേരളത്തിന്റെ വികസന ഗോപുരവും ഇടുക്കിയിലേക്കു കാതോർക്കുന്നു എന്നതാണു കാലാവസ്ഥാ മാറ്റക്കാലം സൃഷ്ടിക്കുന്ന പുതിയ ആശങ്ക. ഓഗസ്റ്റ് 15ലെ പ്രളയത്തിനു ശേഷം ആഴ്ചകളോളം സിയാൽ അടച്ചിടേണ്ടി വന്നു. ഓഗസ്റ്റ് 15ലെ സ്ഥിതി സംജാതമാകുമോ എന്ന ചിന്ത അസ്ഥാനത്താണെങ്കിലും വരാൻ പോകുന്ന മഴയെ അതീവ ജാഗ്രതയോടെയാണു നേരിടേണ്ടത്. 

ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ രൂപപ്പെടുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ചുഴലിക്കാറ്റ് അറബിക്കടലിന്റെ പടിഞ്ഞാറൻ മേഖലയിലേക്കു വഴിതിരിയുമെങ്കിലും അതിതീവ്രന്യൂനമർദത്തിനും ചുഴലിക്കാറ്റിനും ഇടയിലുള്ള ഘട്ടത്തിലാണ് ഇതു പോകുന്ന വഴിയിൽ മഴയും കാറ്റും നാശവും വിതയ്ക്കുന്നത്. ഇടുക്കി ജില്ലയാണു കൃത്യം ഈ മഴതീവ്രതയുടെ നിഴലിൽ എന്നതു വിശദീകരണമില്ലാത്ത പ്രതിഭാസവും. 

ജില്ല പേടിക്കേണ്ട ‘ചുവന്ന ഞായറാഴ്ച’യാണ് വരുന്നത്. ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്പെടുന്നതിനു മുന്നോടിയായുള്ള കനത്ത മഴ അന്നു ജില്ലയിൽ ലഭിച്ചേക്കോം. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്ന് 20 സെന്റീമീറ്ററിലധികം വരെ മഴ ലഭിക്കാനാണു സാധ്യത. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ മുല്ലപ്പെരിയാറിലും ഇടുക്കിയിലും മൂന്നു സെന്റീമീറ്റർ മഴ മാത്രമാണു ലഭിച്ചത്. ഇതു നേരിയ മഴ മാത്രമാണ്. ശക്തമായ നീരൊഴുക്കിനു സാധ്യതയില്ല. മുല്ലപ്പെരിയാറിൽ ഇപ്പോൾ 130 അടി വെള്ളമുണ്ട്.

381 സെ.മീ. മഴയാണു ജില്ലയിൽ കാലവർഷക്കാലത്തു പെയ്തിറങ്ങിയിരിക്കുന്നത്. ദീർഘകാല ശരാശരിയുടെ 67% കൂടുതൽ. രാജ്യത്തു തന്നെ ഇത്രയധികം മഴ കൂടുതലായി ലഭിച്ച ജില്ല വേറെയില്ല. 227 സെ.മീ. കിട്ടേണ്ട സ്ഥാനത്തു ലഭിച്ചിരിക്കുന്ന 150 സെമീയിലേറെ അധികമഴയിൽ ജില്ലയിലെ മലയോരം കുതിർന്നു നിൽക്കുന്നതിനാൽ ഞായറാഴ്ചത്തെ ന്യൂനമർദ മഴയുടെ രൂക്ഷത താങ്ങാനുള്ള ശേഷി കുറവായിരിക്കും. മണ്ണിടിച്ചിലിനുള്ള സാധ്യത ഏറെയാണ്. വലിയ മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ ഇടുക്കിക്കു കഴിയുകയുള്ളൂ. പലയിടത്തും പ്രത്യേകിച്ചു മൂന്നാറിലും മറ്റും വിവിധ വികസനത്തിന്റെ പേരിൽ ചെങ്കുത്തായ മലഞ്ചരിവുകൾ ഇടിച്ചുനടത്തിയ നിർമാണ പ്രവർത്തനങ്ങൾ അതു നിർമിച്ചവർക്കു തന്നെ വിനയായി മാറുന്ന സ്ഥിതിയാണ്. 

തമിഴ്നാട് തീരത്തു തിങ്കളാഴ്ച രൂപപ്പെടുന്ന ന്യൂനമർദമഴയിലേക്ക് ആകർഷിക്കപ്പെടുന്ന മേഘങ്ങളും പശ്ചിമതീരത്ത് അറബിക്കടലിൽ രൂപമെടുക്കുന്ന ചുഴലിക്കാറ്റിലേക്ക് ആകർഷിക്കപ്പെടുന്ന മേഘങ്ങളും സംഗമിക്കുന്നത് ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളുടെ കിഴക്കൻ മലയോരത്തായിരിക്കും. അങ്ങനെയെങ്കിൽ ഏതാനും ദിവസം ഈ പ്രദേശത്തെ വനത്തിനുള്ളിൽ മഴ ലഭിച്ചക്കോം. മുല്ലപ്പെരിയാറിന്റെ മഴപ്രദേശങ്ങളിലും പേമാരി ലഭിച്ചേക്കും.  ഇത് മണ്ണിടിച്ചിലിന് ഇടയാക്കുമോ എന്നതാണ് ആശങ്ക. 

ഇടുക്കിയുടെ ഉൾപ്രദേശങ്ങളിൽ നിർമിച്ചിരിക്കുന്ന പല തടയണകളും കനത്ത മഴയിൽ കവിഞ്ഞൊഴുകുന്നത് ആശാസ്യമല്ല. അവയിലെ വെള്ളവും സമീപത്തെ തോടുകളിലേക്കോ മറ്റോ കുറേശ്ശയായി തിരിച്ചുവിടുന്നതാകും നല്ലതെന്നു ജലവിഭവ രംഗത്തെ വിദഗ്ധർ പറയുന്നു. മൂന്നാറിൽ അഞ്ചു സെന്റിമീറ്ററോളം മഴ ഇന്നു ലഭിച്ചു. ഇതോടെ നീലക്കുറിഞ്ഞി സഞ്ചാരികളുടെ വരവു നിലചിട്ടുണ്ട്. ഇതിനൊപ്പമാണു റെഡ് അലർട്ട്. ഇതുകൂടി ആയതോടെ സഞ്ചാരികളുടെ വരവ് പിന്നെയും കുറയും. തുടർച്ചയായ മഴയിൽ കുറിഞ്ഞിക്കും ഉലച്ചിൽ തട്ടും. ഇടുക്കി ഇന്നു മുതൽ തന്നെ ഓറഞ്ച് അലർട്ടിന്റെ നിഴലിലാണ്. രാത്രി സഞ്ചാരവും ജലാശയങ്ങളിലേക്കുള്ള യാത്രയും കുറച്ചു സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടുക എന്നതാണ് റെഡ് അലർട്ടിന്റെ അർഥം. ഓറഞ്ച് അലർട്ട് തയാറെടുപ്പോടെ മുൻകരുതലെല്ലാം ക്രമീകരിച്ച് ഒരുങ്ങി ഇരിക്കാനുള്ള മുന്നറിയിപ്പും.