Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരന്തങ്ങളിൽ പാഠം പഠിക്കാതെ ഗവ. വകുപ്പുകൾ; 17 വകുപ്പുകളിൽ വെർച്വൽ കേഡർ ഇല്ല

തിരുവനന്തപുരം∙ തുടർച്ചയായി ദുരന്തങ്ങളും കൂട്ടമരണങ്ങളും ഉണ്ടായിട്ടും പാഠം പഠിക്കാതെ സംസ്ഥാന സർക്കാർ വകുപ്പുകൾ. ദുരന്ത നിവാരണത്തിനു മുന്നൊരുക്കങ്ങൾ നടത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും പ്രധാന വകുപ്പുകളിൽ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി വെർച്വൽ കേഡർ രൂപവൽക്കരിക്കണമെന്ന സർക്കാർ ഉത്തരവു മിക്ക വകുപ്പുകളും അവഗണിച്ചു. ഉത്തരവു നടപ്പാക്കാനുള്ള സമയപരിധി കഴിഞ്ഞിട്ട് ഒൻപതു മാസമായെങ്കിലും 17 വകുപ്പുകൾ ഇനിയും അനങ്ങിയിട്ടില്ല. ഉത്തരവു പാലിച്ചത് എട്ടു വകുപ്പുകൾ മാത്രം.

ദുരന്തനിവാരണ വകുപ്പു പലവട്ടം ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥരുടെ പേരു നൽകാൻപോലും വകുപ്പുകൾ തയാറായിട്ടില്ല. കഴിഞ്ഞ വർഷമാണു വകുപ്പു തലത്തിൽ ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വെർച്വൽ കേഡർ രൂപവൽക്കരിക്കാൻ തീരുമാനിച്ചത്. ഓഖി ചുഴലിക്കാറ്റിനു പിന്നാലെ നടപടികൾ ഡിസംബർ 31നകം പൂർത്തിയാക്കണമെന്നു വകുപ്പു മേധാവികൾക്കു സർക്കാർ കർശന നിർദേശം നൽകി. 14 ജില്ലാ പ്രതിനിധികളും ഒരു സംസ്ഥാന പ്രതിനിധിയും ഉൾപ്പെടെ 15 പേരാണു കേഡറിൽ വേണ്ടത്.

റവന്യു, ആരോഗ്യം, മരാമത്ത്, തദ്ദേശവകുപ്പ്, ജലസേചനം, ഖനനം, മണ്ണു സംരക്ഷണം, ഭൂജലം തുടങ്ങിയ വകുപ്പുകൾ മാത്രമാണ് ഇതുവരെ വെർച്വൽ കേഡർ രൂപവൽക്കരിച്ചത്. ബിരുദയോഗ്യതയുള്ളവരും 20 വർഷം കാലാവധി ബാക്കിയുള്ളവരുമായ സൂപ്പർവൈസറി തസ്തികയിലുള്ള ഉദ്യോഗസ്ഥരെ കേഡറിൽ നിയമിക്കണമെന്നാണു സർക്കാർ നിർദേശം. കേഡറിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വിദഗ്ധപരിശീലനം നൽകാനും തീരുമാനിച്ചിരുന്നു.

പരിശീലനത്തിനുള്ള മൊഡ്യൂൾ വരെ തയാറായെങ്കിലും ഭൂരിഭാഗം വകുപ്പുകളും കേഡർ രൂപീകരിക്കാത്തതിനാൽ തുടർ നടപടികളുണ്ടായില്ല. പരിശീലനം ലഭിക്കാത്തതു മൂലമുള്ള വീഴ്ചകൾ വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വ്യക്തമായിരുന്നു.

വെർച്വൽ കേഡർ ചുമതലകൾ

ജില്ലാതല ദുരന്തലഘൂകരണ പദ്ധതി തയാറാക്കാൻ നേതൃത്വം നൽകുക, അടിയന്തര ഘട്ടങ്ങളിൽ ജില്ലാ തലത്തിൽ വകുപ്പുകളുടെ സേവനം ഏകോപിപ്പിക്കുക, വകുപ്പുതല ദുരന്തലഘൂകരണ പദ്ധതി രേഖ തയാറാക്കുക, അതതു വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കു ദുരന്ത ലഘൂകരണ പരിശീലനം ലഭ്യമാക്കുക എന്നിവയാണു ജില്ലാതല കേഡർ അംഗങ്ങളുടെ ചുമതല. ജില്ലാതല കേഡർ ഉദ്യോഗസ്ഥരുടെ ഏകോപനവും വകുപ്പിന്റെ ദുരന്തലഘൂകരണ പദ്ധതിയുടെ മേൽനോട്ടവുമാണു സംസ്ഥാന കേഡർ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തം.

related stories