വിവാദങ്ങൾക്കിടെ, റഫാലിനായി ഒരുങ്ങി വ്യോമസേന; പൈലറ്റുമാർക്കു ഫ്രാൻസിൽ പരിശീലനം

ന്യൂഡൽഹി∙ രാഷ്ട്രീയ വിവാദങ്ങൾ തുടരുമ്പോഴും, വ്യോമസേന റഫാൽ പോർവിമാനത്തിന്റെ വരവിനായി ഒരുങ്ങുന്നു. ഇന്ത്യക്കുള്ള വിമാനങ്ങളുടെ പരീക്ഷണപ്പറക്കൽ ഫ്രാൻസിൽ ആംരഭിച്ചുവെന്നാണു വിവരം. പൈലറ്റുമാർക്കുള്ള പരിശീലനം, അടിസ്ഥാന സൗകരങ്ങളൊരുക്കൽ തുടങ്ങിയവ വ്യോമസേന ആരംഭിച്ചു. രണ്ടു വ്യോമസേനാ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു സംഘം വ്യോമസേനാ പൈലറ്റുമാർ നേരത്തേ ഫ്രാൻസിൽ പരിശീലനം നേടിയിരുന്നു. ഈ വർഷാവസാനത്തോടെ ഇവർ തുടർ പരിശീലനത്തിനു പോകും.

2019 സെപ്റ്റംബറിൽ ആദ്യ റഫാൽവിമാനം ഇന്ത്യക്കു ലഭിക്കുമെന്നാണു കരുതുന്നത്. ഇന്ത്യക്ക് ആവശ്യമായ പ്രത്യേക സംവിധാനങ്ങൾ കൂട്ടിച്ചേർത്താണ് ആയുധങ്ങളും മിസൈലുകളും വഹിക്കാൻ ശേഷിയുള്ള റഫാൽ പോർവിമാനങ്ങൾ നിർമാതാക്കളായ ഡസോൾട്ട് ഏവിയേഷൻ നിർമിക്കുന്നത്. റഫാൽ വിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രൺ ഇന്ത്യ – പാക്ക് അതിർത്തിയിൽനിന്ന് 220 കിലോമീറ്റർ ഇപ്പുറത്തുള്ള അംബാല വ്യോമസേനാകേന്ദ്രത്തിലാണു വിന്യസിക്കുക. രണ്ടാമത്തേത് ബംഗാളിലെ ഹഷിമാര കേന്ദ്രത്തിലും. 58,000 കോടി രൂപയ്ക്ക് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 2016 സെപ്റ്റംബറിലാണ് ഇന്ത്യ– ഫ്രാൻസ് കരാറായത്. വൻ സാമ്പത്തിക ബാധ്യത രാജ്യത്തിനു വരുത്തുന്ന രീതിയിലാണ് എൻഡിഎ സർക്കാർ കരാറിലേർപ്പെട്ടിരിക്കുന്നതെന്നാണു കോൺഗ്രസ് വിമർശനം.