കേന്ദ്ര പദ്ധതികൾ വൻകിട ഇൻഷുറൻസ് കമ്പനികൾക്കു വൻ നേട്ടമെന്ന് പഠനം

ന്യൂഡൽഹി ∙ കേന്ദ്രാവിഷ്കൃത പദ്ധതികൾ പലതും വൻകിട ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണെന്ന വിമർശനങ്ങൾക്കിടെ, ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികൾ വൻ കുതിപ്പിലേക്കെന്നു സർവേ. 2020ൽ രാജ്യത്തെ ഇൻഷുറൻസ് രംഗം 20.18 ലക്ഷം കോടി രൂപയുടെ വളർച്ച നേടുമെന്നു വ്യവസായികളുടെ കേന്ദ്രസംഘടനയായ അസോചം നടത്തിയ പഠനം വിലയിരുത്തുന്നു. കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നായ ആയുഷ്മാൻ ഭാരത്, ഇൻഷുറൻസിനെക്കുറിച്ചുള്ള അവബോധം എന്നിവ കമ്പനികൾക്കു തുണയേകുന്നെന്നാണ് പഠനം.

2011ൽ 2.71 ശതമാനമായിരുന്നു രാജ്യത്ത് ഇൻഷുറൻസ് കമ്പനികളുടെ സ്വീകാര്യതയെങ്കിൽ 2017ൽ അതു 3.7 ശതമാനത്തിലെത്തി. പ്രീമിയം വരവിലും നേട്ടമുണ്ട്. 2011–12 വർഷം 3.2 ലക്ഷം കോടി രൂപയായിരുന്ന പ്രീമിയം വരവ് 2017–18ൽ അഞ്ചു ലക്ഷം കോടി രൂപയിലെത്തി. 10.74 കോടി പേർക്ക് ആരോഗ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയെ വലിയ പ്രതീക്ഷയോടെയാണ് ഇൻഷുറൻസ് മേഖല കാണുന്നത്. രാജ്യത്തെ ജനറൽ ഇൻഷുറൻസിൽ 48 ശതമാനവും ജീവൻസുരക്ഷ ഇൻഷുറൻസിൽ 29 ശതമാനവും സ്വകാര്യമേഖലയിലാണ്.