തെലങ്കാനയിൽ പ്രതിപക്ഷ വിശാലസഖ്യ സാധ്യത

ഹൈദരാബാദ്∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിന് അരങ്ങൊരുങ്ങുന്നു. സിപിഐ, തെലുങ്കുദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി എന്നിവ ഒരുമിച്ചു നിൽക്കാൻ ധാരണ രൂപപ്പെടുന്നു. കോൺഗ്രസ്, സിപിഎം എന്നീ കക്ഷികളുമായി ധാരണയിലെത്താൻ ശ്രമിക്കുമെന്നു സിപിഐ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പറഞ്ഞു. ടിഡിപിയുമായി സഖ്യത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോൺഗ്രസ് തെലങ്കാന വക്താവ് ശ്രവൺ ദാസോജു സൂചിപ്പിച്ചിട്ടുണ്ട്.

ഇതേസമയം, സഖ്യ ചർച്ചകളും തീരുമാനവും തെലങ്കാനയിലെ പാർട്ടി ഘടകത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി തലവനുമായ ചന്ദ്രബാബു നായിഡു പറഞ്ഞു. ‘മെച്ചമെന്നു തോന്നുന്നത് നിങ്ങൾ തീരുമാനിക്കൂ, ഞാൻ സഹകരിക്കാം’ എന്നാണ് നായിഡു കഴിഞ്ഞദിവസം തെലങ്കാന ടിഡിപി ഘടകത്തിന്റെ യോഗത്തിൽ പറഞ്ഞത്. കഴിഞ്ഞ തവണ ബിജെപി സഖ്യത്തിൽ മൽസരിച്ച ടിഡിപി 15 സീറ്റ് നേടിയിരുന്നു.

എന്നാൽ, ഇതിൽ 12 പേർ പിന്നീട് തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) യിലേക്കു കൂറുമാറി. കഴിഞ്ഞ ദിവസം നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്ത ടിആർഎസ് തലവനും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു 105 സീറ്റുകളിലേക്കുള്ള പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 119 സീറ്റുകളാണ് തെലങ്കാനയിൽ. കഴിഞ്ഞ തവണ ബിജെപി ജയിച്ച അഞ്ചു മണ്ഡലങ്ങളിൽ നാലെണ്ണം ടിആർഎസ് ഒഴിച്ചിട്ടിരിക്കുന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ ഏഴ് എംഎൽഎമാരുണ്ടായിരുന്ന അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎ, ‘സുഹൃദ് കക്ഷി’യാണെന്നു കഴിഞ്ഞ ദിവസം ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു.