ഓസ്ട്രേലിയയിലെ നടരാജവിഗ്രഹം ഇന്ത്യയിൽനിന്ന് മോഷ്ടിച്ചത്

സിഡ്നി ∙ തങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന നടരാജവിഗ്രഹം ഇന്ത്യയിൽനിന്നുള്ള മോഷണവസ്തുവാണെന്ന് അഡ്‍ലൈയ്ഡ് നഗരത്തിലെ ദക്ഷിണ ഓസ്ട്രേലിയൻ ആർട് ഗാലറി നടത്തിപ്പുകാർ സമ്മതിച്ചു. ഇതോടെ വിഗ്രഹം തിരിച്ചുവാങ്ങാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. സഹകരിക്കുമെന്ന് ഗാലറി വൃത്തങ്ങളും വ്യക്തമാക്കി.

തിരുനെൽവേലിയിലെ ക്ഷേത്രത്തിൽനിന്ന് 1970 കളിലാണ് വിഗ്രഹം മോഷ്ടിക്കപ്പെട്ടതെന്ന് 1958ലെ ഒരു ചിത്രത്തിലൂടെയാണ് സ്ഥിരീകരിക്കപ്പെട്ടത്. നാലു വിഗ്രഹങ്ങളാണ് അന്നു മോഷണം പോയത്. വിവരം പുറത്തറിഞ്ഞത് 1982ൽ മാത്രം. കുറ്റവാളികളെ പിടികൂടാനായില്ല. 76 സെന്റിമീറ്റർ ഉയരമുള്ള വിഗ്രഹം 2001ൽ 2.5 കോടി രൂപയ്ക്കാണ് ഗാലറി ലേലത്തിൽ പിടിച്ചത്. യൂറോപ്പിലെ സ്വകാര്യവ്യക്തിയിൽ നിന്ന് ഇടനിലക്കാർ വഴിയായിരുന്നു കച്ചവടം. ഇതിനു മുൻപും ഇന്ത്യയിൽനിന്ന് കടത്തിയ വിഗ്രഹങ്ങൾ ഓസ്ട്രേലിയയിൽ കണ്ടെത്തിയിട്ടുണ്ട്.