ആദ്യ സമഗ്ര പ്രളയമുന്നറിയിപ്പു സംവിധാനം കൊൽക്കത്തയിൽ

തിരുവനന്തപുരം∙ ഇന്ത്യയിലെ ആദ്യ സമഗ്ര പ്രളയമുന്നറിയിപ്പു സംവിധാനം കൊൽക്കത്തയിൽ ഒരുങ്ങുന്നു. കാസർകോട് ബദിയടുക്ക സ്വദേശിയും ഹൈഡ്രോ ജിയോളജിസ്റ്റുമായ ഗോപാലകൃഷ്ണ ഭട്ടാണ് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിനു വേണ്ടി പ്രധാന കൺസൽറ്റന്റായി കൊൽക്കത്തയിൽ സംവിധാനം ഒരുക്കുന്നത്. ഒക്ടോബർ ആദ്യം പ്രവർത്തനം തുടങ്ങും. 2 കോടിരൂപ ചെലവിൽ നാനൂറിലധികം അൾട്രാസോണിക് സെൻസറുകൾ നഗരത്തിൽ സ്ഥാപിച്ചു. ജലനിരപ്പുയരുന്നതിന്റെ വിവരം, ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ സെൻസറുകൾ വഴി തൽ‍സമയം ലഭിക്കും.

കനാലുകൾ, ജംക്​ഷനുകൾ, സ്ഥാപനങ്ങൾ, ബസുകൾ, പമ്പിങ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി അഞ്ചുതരം സെൻസറുകളാണു സ്ഥാപിച്ചത്. ഏതൊക്കെ സ്ഥലങ്ങളെ ബാധിക്കുമെന്നു മുൻകൂട്ടിക്കണ്ട് അവിടെയുള്ളവരുടെ മൊബൈൽ ഫോണിലേക്കു സന്ദേശം അയയ്ക്കാനും കഴിയും. ഡാമുകളുള്ള കേരളത്തിൽ സെൻസറുകൾ ഉപയോഗിച്ചാൽ ഷട്ടറുകൾ തുറക്കുമ്പോൾ അധികമായി എത്തുന്ന വെള്ളം എത്ര വ്യാപ്തിയിൽ എത്തുമെന്നു മുൻകൂട്ടി കണക്കാക്കാം.

സെൻസറുകൾ

∙ ഐഒടി സെൻസറുകൾ

പ്രളയസാധ്യതയുള്ള ട്രാഫിക് ജംക്‌ഷനുകൾ, സ്കൂളുകൾ, ആശുപത്രികൾ, മാളുകൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കുന്ന അസംഖ്യം സെൻസറുകൾ.

∙ പമ്പിങ് സ്റ്റേഷൻ സെൻസറുകൾ
പമ്പിങ് സ്റ്റേഷനുകൾ/ഡാമുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ

∙ ലൊക്കേഷൻ സെൻസറുകൾ
ബസുകളിൽ സ്ഥാപിക്കും. വെള്ളം പൊങ്ങിയാൽ ആദ്യം തടസ്സപ്പെടുന്നതു ഗതാഗതമായതിനാൽ വ്യാപ്തി കൃത്യമായി മനസ്സിലാക്കാം.

∙ ഓട്ടോമാറ്റിക് മഴമാപിനികൾ
നിലവിലുള്ളതിനു പുറമേ പത്തിലധികം പുതിയ മഴമാപിനികൾ

∙ റിവർ സെൻസറുകൾ
കനാലുകളിലെയും നദികളിലെയും വെള്ളമുയരുന്നതു മനസ്സിലാക്കാൻ

∙ ക്ലൗഡ് അധിഷ്ഠിതമായ സെർവറിലേക്കു സെൻസറുകളിലെ വിവരങ്ങൾ തത്സമയം
∙ നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം
∙ പ്രളയം ബാധിക്കുന്ന സ്ഥലങ്ങൾ മുൻകൂട്ടിക്കണ്ട് അവിടെയുള്ളവർക്കു മൊബൈൽ അലർട്ടുകൾ