മല്യയ്ക്കെതിരെ കുറ്റപത്രം ഒരു മാസത്തിനകം

വിജയ് മല്യ

ന്യൂഡൽഹി∙ വിജയ് മല്യയുടെ കിങ്ഫിഷർ വിമാനക്കമ്പനിക്കു വൻതുക വായ്പയെടുക്കാൻ സഹായം ചെയ്തുകൊടുത്ത മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരെയും പ്രതി ചേർത്തുള്ള കുറ്റപത്രം സിബിഐ ഒരു മാസത്തിനകം നൽകുമെന്നു സൂചന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 1600 കോടി രൂപ അടക്കം 17 ബാങ്കുകളിൽനിന്നായി ആകെ 6000 കോടിയുടെ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന മല്യയ്ക്കെതിരെ അന്വേഷണം ഏതാണ്ടു പൂർത്തിയായി.

2015ലും 2016ലും ആയി രണ്ടു കേസുകളാണു സിബിഐ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഐഡിബിഐ ബാങ്കിന്റെ 900 കോടി തിരിച്ചടയ്ക്കാത്ത കേസിൽ നേരത്തേ കുറ്റപത്രം നൽകിയിരുന്നു. കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെടുന്നവരിൽ ഇപ്പോൾ സർവീസിലുള്ളവരും വിരമിച്ചവരുമായ മുതിർന്ന ഉദ്യോഗസ്ഥരുണ്ടെന്നാണു സൂചന. മല്യയ്ക്കു പുറമെ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ എ.രഘുനാഥൻ തുടങ്ങിയവരുൾപ്പെടെ പൂട്ടിപ്പോയ കിങ്ഫിഷർ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്ന മിക്കവരും പ്രതികളാവും.

ധനമന്ത്രാലയ ഉദ്യോഗസ്ഥരുടെ പങ്കും സിബിഐ പരിശോധിക്കുന്നുണ്ട്. മല്യയ്ക്ക് അനുകൂലമായ തീരുമാനമെടുക്കാൻ ബാങ്ക് ഉദ്യോഗസ്ഥരെ ഇവർ സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുക. വേണ്ടത്ര ഈടില്ലാതെ കൊടുത്ത പണം വകമാറിയാണു ചെലവഴിച്ചതെന്നു വ്യക്തമായിട്ടുണ്ട്. തുടർന്ന് മനഃപൂർവം തിരിച്ചടവു മുടക്കി. കിങ്ഫിഷറും അനുബന്ധ കമ്പനികളും ഏതാനും അജ്ഞാതരും ചേർന്നു ബാങ്കുകളെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

2013ൽ ബാങ്കുകൾ വായ്പ റദ്ദാക്കിയെങ്കിലും ഈടായി നൽകിയ ഓഹരികൾ വിറ്റ വകയിൽ 1100 കോടി രൂപ മാത്രമേ ഇതുവരെ തിരിച്ചുകിട്ടിയിട്ടുള്ളൂ. പഞ്ചാബ് നാഷനൽ ബാങ്കും ഐഡിബിഐ ബാങ്കും 800 കോടി രൂപവീതവും ബാങ്ക് ഓഫ് ഇന്ത്യ 650 കോടിയും ബാങ്ക് ഓഫ് ബറോഡ 550 കോടിയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 410 കോടിയുമാണു വായ്പ കൊടുത്തിരുന്നത്.