റഷ്യയുമായി 15,840 കോടിയുടെ കരാറിനു സാധ്യത: ചെറുകപ്പലുകള്‍ വാങ്ങും; രണ്ടെണ്ണം നിർമിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും

ന്യൂഡൽഹി∙ നാലു ചെറുയുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച കരാറൊപ്പിടാൻ ഇന്ത്യയും റഷ്യയും തയാറെടുക്കുന്നു. യുദ്ധക്കപ്പലുകളിൽ രണ്ടെണ്ണം റഷ്യയിൽനിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്‌യാർഡിൽ നിർമിക്കാനും ലക്ഷ്യമിട്ടുള്ള 15,840 കോടി രൂപയുടെ കരാറിനു കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണു സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ഒക്‌ടോബറിൽ ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ കരാർ ഒപ്പിട്ടേക്കും. കരാറായാൽ റഷ്യയിൽനിന്നുള്ള യുദ്ധക്കപ്പലുകൾ രണ്ടു വർഷത്തിനകമെത്തും. പ്രാഥമിക ചർച്ചകൾ 2016 ഒക്ടോബറിൽ ആരംഭിച്ചെങ്കിലും തുക, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലം തടസ്സം നേരിട്ടു. ഇന്ത്യയിലെ നിർമാണം സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നത് ആദ്യ ഘട്ടത്തിൽ പരിഗണിച്ചെങ്കിലും ഗോവ ഷിപ‌്്‌യാർഡിൽ അതിനുള്ള സൗകര്യമുണ്ടെന്ന വിലയിരുത്തലിൽ പദ്ധതി പൊതുമേഖലയ്ക്കു കൈമാറുകയായിരുന്നു.

റഷ്യയുമായി ആയുധ ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തുന്ന ഉപരോധഭീഷണി വകവയ്ക്കാതെയാണു കരാറുമായി മുന്നോട്ടു നീങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം. വ്യോമാക്രണം ചെറുക്കാൻ റഷ്യയിൽ നിന്ന് എസ് 400 മിസൈൽ പ്രതിരോധ സംവിധാനവും ഇന്ത്യ വാങ്ങും.