റഫാൽ: ആന്റണിയും നിർമലയും നേർക്കുനേർ

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പർഹിക്കാത്ത വിധം ദേശീയ സുരക്ഷ അപകടത്തിലാക്കിയതായി മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി. പത്തു വർഷം ഭരിച്ചിട്ടും കരാർ ഒപ്പിടാൻ കഴിയാത്ത യുപിഎ സർക്കാർ ഇപ്പോൾ മോദി ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ആന്റണി വാർത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണു പ്രത്യാക്രമണവുമായി സീതാരാമൻ മാധ്യമങ്ങളുടെ മുന്നിലെത്തിയത്.

126 വിമാനങ്ങൾക്കുള്ള കരാർ 36 ആയതെങ്ങനെ? ആന്റണി 126 യുദ്ധവിമാനങ്ങൾ വേണമെന്ന വ്യോമസേനയുടെ ആവശ്യം അവഗണിച്ചു 36 എണ്ണം മാത്രം വാങ്ങാനുള്ള മോദിയുടെ തീരുമാനം ദേശീയ സുരക്ഷ അപകടത്തിലാക്കും. യുപിഎ അധികാരമൊഴിയുമ്പോൾ 126 വിമാനങ്ങൾ വാങ്ങാനുള്ള കരാർ അന്തിമ ഘട്ടത്തിലെത്തിയിരുന്നു. പിന്നീട് അധികാരത്തിലേറിയ മോദി, സ്വന്തം നിലയിൽ കരാർ അട്ടിമറിച്ചു. സംഭവത്തെക്കുറിച്ചു പാർലമെന്റിന്റെ സംയുക്ത സമിതി (ജെപിസി) അന്വേഷിക്കണം. പ്രതിരോധ മന്ത്രി അധ്യക്ഷനായ സമിതിയാണ് (ഡിഫൻസ് അക്വിസിഷൻ കൗൺസിൽ – ഡിഎസി) എത്ര വിമാനങ്ങൾ വാങ്ങണമെന്നു തീരുമാനിക്കുന്നത്.

126 വിമാനങ്ങൾക്കുള്ള കരാർ റദ്ദാക്കി 36 എണ്ണമാക്കാൻ മോദിക്ക് ആരാണ് അധികാരം നൽകിയത്? ഫ്രാൻസിൽനിന്നു തിരികെയെത്തിയ മോദി 126 വിമാനങ്ങൾക്കുള്ള ഡിഎസിയുടെ അനുമതി അതേവർഷം ജൂണിൽ റദ്ദാക്കി. പൊതുസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനു (എച്ച്എഎൽ) ലഭിക്കേണ്ടിയിരുന്ന നിർമാണ കരാറും തൊഴിലവസരങ്ങളും സ്വകാര്യ കമ്പനിക്ക് അനർഹമായി കൈമാറി. യുപിഎ സർക്കാരിനേക്കാൾ കുറഞ്ഞ തുകയ്ക്കാണു തങ്ങൾ കരാറൊപ്പിട്ടതെന്ന് അവകാശപ്പെടുന്ന മോദി എന്തുകൊണ്ടു 126 വിമാനങ്ങൾ വാങ്ങിയില്ല? 2013ൽ താനാണു കരാറിനു തടസ്സം സൃഷ്ടിച്ചതെന്ന നിർമല സീതാരാമന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. വിമാനങ്ങളുടെ ആജീവനാന്ത പരിപാലനം സംബന്ധിച്ച തുകയിൽ ചില പ്രശ്നങ്ങൾ ഉയർന്നതിനെത്തുടർന്ന് അതു പരിശോധിച്ച ശേഷം ഫയൽ സുരക്ഷാകാര്യ മന്ത്രിതല സമിതിക്ക് അയച്ചാൽ മതിയെന്നു താൻ നിർദേശിച്ചു.

ഉത്തരവാദിത്തമുള്ള പ്രതിരോധ മന്ത്രിയെന്നനിലയിലാണ് അങ്ങനെ ചെയ്തത്. 126 വിമാനങ്ങൾ നിർമിക്കാനുള്ള ശേഷി എച്ച്എഎല്ലിന് ഇല്ലെന്ന നിർമല സീതാരാമന്റെ വാദത്തിൽ കഴമ്പില്ല. സുഖോയ് ഉൾപ്പെടെ നാലായിരത്തിലേറെ വിമാനങ്ങൾ നിർമിച്ച സ്ഥാപനത്തിന്റെ പ്രതിച്ഛായ തകർക്കാനാണു പ്രതിരോധ മന്ത്രിയുടെ ശ്രമം. മോദി ഫ്രാൻസിൽ നടത്തിയത് പ്രാഥമിക ചർച്ച: നിർമല റഫാൽ കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്കെടുത്ത തീരുമാനമല്ല. 2015 ഏപ്രിലിൽ ഫ്രാൻസിൽ പോയ അദ്ദേഹം ഇടപാടു സംബന്ധിച്ചു ഫ്രഞ്ച് പ്രസിഡന്റുമായി പ്രാഥമിക ചർച്ചകൾ മാത്രമാണു നടത്തിയത്. 2016 സെപ്റ്റംബറിലാണ് അന്തിമ കരാർ ഒപ്പിട്ടത്. നടപ്പാക്കാൻ കഴിയാത്ത കരാറിന്റെ പേരിലാണു കോൺഗ്രസ് ബഹളം വയ്ക്കുന്നത്.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനു കരാർ ലഭിച്ചില്ലെന്നു കുറ്റപ്പെടുത്തുന്നവർ അധികാരത്തിലിരുന്നപ്പോൾ സ്ഥാപനത്തെ സഹായിക്കാൻ എന്താണു ചെയ്തത്? അധികാരത്തിലേറിയതിനു പിന്നാലെ വ്യോമസേനയുടെ യുദ്ധവിമാനശേഷി പരിശോധിച്ച മോദി, അടിയന്തരമായി വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. യുപിഎ സർക്കാർ തീരുമാനിച്ചതിനേക്കാൾ 9% വിലക്കുറവിലാണു പുതിയ കരാർ ഉറപ്പിച്ചത്.

റഫാൽ: ഹർജി അടുത്ത മാസത്തേക്ക് മാറ്റി

ന്യൂഡൽഹി ∙ റഫാൽ ആയുധ ഇടപാടു റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി അടുത്തമാസം 10നു പരിഗണിക്കാൻ മാറ്റി. ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, നവീൻ സിൻഹ, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. അഭിഭാഷകൻ മനോഹർ ലാൽ ശർമ നൽകിയ ഹർജിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് എതിർകക്ഷിയാക്കിയിട്ടുള്ളത്. അഴിമതിയുടെ ഫലമാണു റഫാൽ കരാറെന്നും രാജ്യങ്ങൾ തമ്മിലുള്ള കരാറിനു ഭരണഘടനയുടെ 253ാം വകുപ്പു പ്രകാരം പാർലമെന്റിന്റെ അംഗീകാരം നേടണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നുമാണു ഹർജിയിലെ ആരോപണം. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഹർജിക്കാരൻ സമയം ചോദിച്ചതിനാലാണു ഹർജി മാറ്റിയത്.