ദുരഭിമാനക്കൊലയ്ക്ക് ഒരു കോടിയുടെ ക്വട്ടേഷൻ; ഏഴുപേർ അറസ്റ്റിൽ

കൊല്ലപ്പെട്ട പ്രണയ് ഭാര്യ അമൃതയ്ക്കൊപ്പം

ഹൈദരാബാദ് ∙ ഗര്‍ഭിണിയായ ഭാര്യയുമൊത്ത് ആശുപത്രിയിൽനിന്നു മടങ്ങുംവഴി ദലിത് യുവാവിനെ വെട്ടിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിലായി. കൊല്ലാനുള്ള കരാർ പെൺകുട്ടിയുടെ അച്ഛനിൽനിന്ന് ഒരുകോടി രൂപയ്ക്ക് ഏറ്റെടുത്ത മുഹമ്മദ് അബ്ദുൽ ബാരിയെയും കസ്റ്റഡിയിലെടുത്തതായി തെലങ്കാന പൊലീസ് അറിയിച്ചു. ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി ഹരൺ പാണ്ഡ്യ വധക്കേസിലെ പ്രതിയായിരുന്ന ഇയാളെ കോടതി വിട്ടയയ്ക്കുകയായിരുന്നു.

ബാരി ഏറ്റെടുത്ത ക്വട്ടേഷൻ പിന്നീടു പത്തുലക്ഷം രൂപയ്ക്കു കൊടുംകുറ്റവാളിയായ സുഭാഷ് ശര്‍മയ്ക്കു മറിച്ചുകൊടുത്തു. ഇയാൾ ബിഹാറിൽ നിന്നു പിടിയിലായി. മറ്റു സംസ്ഥാനങ്ങളിൽ നടന്ന ദുരഭിമാനക്കൊലകളിലും സുഭാഷിനു പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. അക്രമിക്ക് ഒളിത്താവളം ഒരുക്കിയെന്ന് ആരോപിച്ചു പ്രാദേശിക കോ‍ൺഗ്രസ് നേതാവ് മുഹമ്മദ് കരീമും പിടിയിലായി. പെൺകുട്ടിയുടെ പിതാവ് മാരുതിറാവുവും ഇയാളുടെ സഹോദരൻ ശ്രാവണും നേരത്തേ അറസ്റ്റിലായി.

ദലിത് ക്രിസ്ത്യനായ പ്രണയ് കുമാറി(24)നെ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിൽ തന്റെ അച്ഛനും അദ്ദേഹത്തിന്റെ സഹോദരനും ചേർന്നാണു ദുരഭിമാനക്കൊല ആസൂത്രണം ചെയ്തതെന്നു ഭാര്യ അമൃതവര്‍ഷിണി ആരോപിച്ചിരുന്നു. ഗർഭം അലസിപ്പിക്കാൻ തനിക്കുമേൽ സമ്മർദമുണ്ടായിരുന്നതായും വെളിപ്പെടുത്തി.

യുവാവിനെ കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ദലിത് സംഘടനകൾ പ്രതിഷേധിച്ചിരുന്നു. താൻ പ്രണയിന്റെ കുഞ്ഞിനു ജന്മംനൽകുമെന്നും പിതാവിന്റെ വീട്ടിലേക്കു മടങ്ങില്ലെന്നും അമൃത വ്യക്തമാക്കി.