പാക്ക് സേനയുടെ കൊടുംക്രൂരത; ഇന്ത്യൻ ഭടന്റെ കഴുത്തറുത്തു

നരേന്ദർ സിങ്

ജമ്മു/ന്യൂഡൽഹി ∙ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിനെ തുടർന്നു ജമ്മുവിലെ രാജ്യാന്തര അതിർത്തിയിൽ കാണാതായ ബിഎസ്എഫ് ഭടന്റെ മൃതദേഹം ആറു മണിക്കൂറിനു ശേഷം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. പാക്ക് സേനയുടെ നടപടിയെ ‘പൈശാചികം’ എന്നു കുറ്റപ്പെടുത്തിയ ഇന്ത്യ, സേനയ്ക്ക് അതീവജാഗ്രതാ നിർദേശം നൽകി. തക്കസമയത്തു തിരിച്ചടിക്കുമെന്നു മുതിർന്ന സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലേസർ നിയന്ത്രിത അതിർത്തി സംരക്ഷണ പദ്ധതി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ജമ്മുവിൽ ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്നാണു പാക്കിസ്ഥാന്റെ പ്രകോപനം. 

ജമ്മുവിലെ രാംഗഡ് മേഖലയിൽ ചൊവ്വാഴ്ച രാവിലെ 10.40ന് ആണു സംഭവം. സൈനികർക്കു നേരെ പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടിവയ്ക്കുകയായിരുന്നു. തിരച്ചിൽ നടത്തിയ ഇന്ത്യൻ ജവാന്മാരാണു കഴുത്തറുത്ത നിലയിൽ മൂന്നു വെടിയുണ്ടകളേറ്റ മുറിവോടെ ഹെഡ് കോൺസ്റ്റബിൾ നരേന്ദർ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.