പൊലീസുകാരെ തട്ടിക്കൊണ്ടുപോയി വധിക്കലും ഭീഷണിയും; കശ്മീരിൽ ഭീകരതയുടെ ശൈലിമാറ്റം

ഷോപ്പിയനിൽ ഭീകരർ കൊലപ്പെടുത്തിയ, ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ നിസാർ അഹമ്മദിന്റെ മൃതശരീരം കബറിടത്തിലേക്ക് എത്തിക്കുന്നതിനായി തോളിലേറ്റുന്ന ബന്ധുക്കളും പൊലീസ് ഉദ്യോഗസ്ഥന്‍മാരും. ചിത്രം:പിടിഐ

ശ്രീനഗർ∙ പൊലീസുകാരെ തട്ടിക്കൊണ്ടു പോയി വധിക്കുക. സേനയിൽനിന്നു രാജിവച്ചില്ലെങ്കിൽ ഇതാകും അവസ്ഥയെന്നു മറ്റു സേനാംഗങ്ങളെ വിഡിയോയിലൂടെ ഭീഷണിപ്പെടുത്തുക– ജമ്മു കശ്മീരിൽ ഭീകരതയുടെ പുതിയ ശൈലിയാണിത്.  മൂന്നുദശകം നീണ്ട തീവ്രവാദത്തിന്റെ ചരിത്രത്തിൽ ആദ്യമായാണു ഭീകരർ പൊലീസുകാരെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോയി വധിക്കുന്നത്.

ദക്ഷിണ കശ്മീരിൽ ഷോപിയൻ ജില്ലയിൽ, രണ്ടു സ്പെഷൽ പൊലീസ് ഓഫിസർമാരെ(എസ്പിഒ)യും ഒരു കോസ്റ്റബിളിനെയും  ഇന്നലെ രാവിലെയാണ് ഹിസ്ബുൽ മുജാഹിദീൻ– ലഷ്കറെ തയിബ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഗ്രാമവാസികൾ കേണപേക്ഷിച്ചുവെങ്കിലും ഭീകരർ പൊലീസുകാരെ വിട്ടയച്ചില്ല. ആകാശത്തേക്കു വെടിയുതിർത്ത് ഗ്രാമീണരെ ഭയപ്പെടുത്തിയ ഭീകരർ, പ്രദേശത്തെ പുഴ കടന്നശേഷം മൂന്നു പൊലീസുകാരെയും വെടിവച്ചുകൊല്ലുകയായിരുന്നു. ഹിസ്ബുൽ മുജാഹിദീൻ  ട്വിറ്ററിലൂടെ ഉത്തരവാദിത്തമേറ്റു. പിന്നാലെ  ഭീഷണി വിഡിയോയും പ്രത്യക്ഷപ്പെട്ടു.

1.2 ലക്ഷം അംഗബലമുള്ള ജമ്മു കശ്മീർ പൊലീസ് സേനയിലെ 30,000 എസ്പിഒ ഓഫിസർമാരോടാണ് ഹിസ്‌ബുൽ ഭീകരർ രാജി ആവശ്യപ്പെട്ടത്. ഭയന്ന് ആറു പേർ സമൂഹമാധ്യമങ്ങളിലൂടെ രാജി പ്രഖ്യാപനം നടത്തിയെന്നാണ് അനൗദ്യോഗിക വിവരം. 

ജമ്മു കശ്മീർ പൊലീസ് അധികാരികൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും  കേന്ദ്രആഭ്യന്തര മന്ത്രാലയം ഇതു നിഷേധിച്ചു. സേനയുടെ ശക്തമായ തിരിച്ചടിയിൽ നിന്നുള്ള അങ്കലാപ്പു മൂലമാണ് തീവ്രവാദികളുടെ ശൈലിമാറ്റമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.