ആയുഷ്‌മാൻ ഭാരതിനു തുടക്കം; 50 കോടി പാവങ്ങൾക്ക് ആരോഗ്യരക്ഷ

റാഞ്ചിയിൽ ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നു. ചിത്രം ∙ പിടിഐ

റാഞ്ചി, ജാർഖണ്ഡ്∙ രാജ്യത്തെ 50 കോടിയിലേറെ പൗരൻമാർക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സർക്കാർ ചെലവിലുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണു പ്രധാൻമന്ത്രി ജൻ ആരോഗ്യ അഭിയാൻ (പിഎംജെഎവൈ) എന്ന് മോദി പറഞ്ഞു. ‘കാനഡ, മെക്‌സിക്കോ, യുഎസ് എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യയോളം വരും ഈ പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം. പാവങ്ങളുടെ ഉന്നമനത്തിലാണു ബിജെപിയുടെ ശ്രദ്ധ. മുൻ സർക്കാരുകൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലാണ് ശ്രദ്ധിച്ചിരുന്നത്’– മോദി പറഞ്ഞു.

ഹൃദ്രോഗങ്ങൾ, കരൾ– വൃക്ക രോഗങ്ങൾ, പ്രമേഹം എന്നിവ അടക്കം 1,300 ലേറെ രോഗങ്ങളുടെ ചികിൽസയ്ക്ക് ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പദ്ധതി പൂർണതോതിലാകുമ്പോൾ, രാജ്യത്തെ 13,000 ആശുപത്രികൾ ഇതിന്റെ ഭാഗമാകും. ഇതിനായി ചെറുകിട, ഇടത്തരം പട്ടണങ്ങളിൽ 2500 പുതിയ ആശുപത്രികൾ തുടങ്ങേണ്ടിവരും. ‘പാവങ്ങൾ ആശുപത്രിയിൽ പോകാൻ ഇടയാകരുതേ എന്നാണ് എന്റെ പ്രാർഥനയും പ്രത്യാശയും. പോകേണ്ടി വന്നാൽ ആയുഷ്‌മാൻ ഭാരത് അവരുടെ സേവനത്തിനുണ്ടാകും. പണക്കാർക്കു ലഭിക്കുന്ന എല്ലാ ചികിൽസാ സൗകര്യങ്ങളും രാജ്യത്തെ പാവങ്ങൾക്കും ഇനി ലഭിക്കും’–പ്രധാനമന്ത്രി പറഞ്ഞു. ഗുണഭോക്താക്കളിൽ കുറച്ചുപേർക്ക് പ്രധാനമന്ത്രി ഹെൽത്ത് കാ‍ർഡുകൾ നൽകി. ഗുണഭോക്താക്കളുടെ പട്ടിക mera.pmjay.gov.in വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 14555.