വീണ്ടും മിന്നലാക്രമണം? സൂചനയുമായി കേന്ദ്രം; ‘വേണ്ട തരത്തിൽ ചില കാര്യങ്ങൾ ഉണ്ടായെ’ന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി∙ പാക്കിസ്ഥാനെതിരെ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയോ? ഇന്ത്യയുടെ കമാൻഡോകൾ അതിർത്തി കടന്നു ഭീകരർക്കെതിരെ വീണ്ടും ആക്രമണം നടത്തിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണു സൂചന നൽകിയത്.

ബിഎസ്എഫ് ജവാന്റെ കഴുത്തറുത്തതിനു പകരമായി കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തിനിടെ ചില വലിയ കാര്യങ്ങൾ സംഭവിച്ചിരിക്കുന്നുവെന്നായിരുന്നു പരാമർശം. പാക്കിസ്ഥാൻ പ്രതികരിച്ചിട്ടില്ല.

‘പാക്ക് ക്രൂരതയെക്കുറിച്ചു ജനങ്ങൾ ചോദ്യമുന്നയിക്കുന്നു. പാക്കിസ്ഥാൻ ഇന്ത്യയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ‘കുഛ് ഹുവാ ഹേ, ഠീക് ഠാക് ഹുവാ ഹേ, മേ ബതാവൂംഗ നഹി’ (ചില കാര്യങ്ങളുണ്ടായി, വേണ്ട തരത്തിലുണ്ടായി. പക്ഷേ, ഇപ്പോൾ പറയുന്നില്ല) – വെള്ളിയാഴ്ച യുപിയിലെ മുസഫർനഗറിൽ സ്വാതന്ത്ര്യസമര രക്തസാക്ഷി ഭഗത് സിങ്ങിന്റെ 111–ാം ജന്മവാർഷിക സമ്മേളനത്തിൽ രാജ്നാഥ് സിങ് പറഞ്ഞു.

ജവാന്റെ കൊലപാതകത്തിനു പിന്നാലെ അതിർത്തിയിൽ ചില ശക്തമായ നടപടികൾ കൈക്കൊണ്ടെന്നും തക്കതായ സമയത്തു കൂടുതൽ തിരിച്ചടി നൽകുമെന്നും സ്ഥാനമൊഴിയുന്ന ബിഎസ്എഫ് ഡയറക്ടർ ജനറൽ കെ.കെ.ശർമ അറിയിച്ചു.

2016ലെ മിന്നലാക്രമണത്തിന്റെ വാർഷിക വേളയിലാണു പുതിയ ചർച്ച ഉയർന്നിരിക്കുന്നത്. അന്ന് ഉറിയിലെ ഭീകരാക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായിട്ടായിരുന്നു അതിർ‌ത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണം.

∙ രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി: ഞാൻ ബിഎസ്എഫ് ജവാന്മാരോടു പറഞ്ഞിരിക്കുന്നത് ഇതാണ്: അയൽക്കാരാണ്, ആദ്യ വെടിയുണ്ട നാം ഉതിർക്കരുത്. എന്നാൽ, അവിടെ നിന്നു പ്രകോപനമുണ്ടായാൽ മടിക്കേണ്ട, അ‌വർക്കു വെടിയുണ്ടകൾ എണ്ണിത്തീർക്കാനാവാത്ത വിധം തിരിച്ചടിക്കുക.