യുഎന്നിൽ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ നികൃഷ്ട ആരോപണങ്ങൾക്ക് എതിരെ ഇന്ത്യ

ഈനം ഗംഭീർ

ന്യൂയോർക്ക്∙ പെഷാവറിലെ സ്കൂളിൽ ആക്രമണം നടത്തിയ ഭീകരർ 134 കുട്ടികളെ കൊലപ്പെടുത്തിയതിന് ഇന്ത്യയുടെ പിന്തുണയുണ്ടായിരുന്നുവെന്ന പാക്ക് വിദേശകാര്യ മന്ത്രിയുടെ പരാമർശത്തിനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ. ‘നികൃഷ്ടമായ ഈ ആരോപണം കൊല്ലപ്പെട്ട കുട്ടികളുടെ ഓർമയെപ്പോലും അവഹേളിക്കുന്നതാണെന്ന് ഇന്ത്യൻ പ്രതിനിധിസംഘത്തിലെ ഈനം ഗംഭീർ പറഞ്ഞു. പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി യുഎൻ പൊതുസഭയിൽ ഇന്നലെ രാത്രിയാണ് ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതവും അപഹാസ്യവുമായ ആരോപണങ്ങൾ ഉന്നയിച്ചു പ്രസംഗിച്ചത്.

‘2014ൽ നിഷ്കളങ്കരായ കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ ഇന്ത്യക്കാരെല്ലാം വേദനയും ദുഃഖവും പങ്കുവച്ചു. ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും കുട്ടികൾക്ക് ആദരാഞ്ജലിയർപ്പിച്ചു. രാജ്യത്തെ എല്ലാ സ്കൂളുകളിലും ആ കുരുന്നുകൾക്കായി രണ്ടു മിനിറ്റ് മൗനമാചരിച്ചു. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാക്ക് സർക്കാർ ഇക്കാര്യങ്ങൾ മനസിലാക്കണം’– ഗംഭീർ പറഞ്ഞു.

അയൽരാജ്യങ്ങളെ അസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ തന്നെ പാലൂട്ടി വളർത്തിയതാണ് ഭീകരതയെന്ന രാക്ഷസനെ. ആ രാക്ഷസീയതയിൽനിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് പെഷാവർ ആക്രമണത്തിന്റെ പേരിൽ ഇന്ത്യക്കു നേരെ ഇപ്പോൾ ആരോപണമുന്നയിക്കുന്നത്– അവർ വ്യക്തമാക്കി.

പാക്ക് വിദേശകാര്യമന്ത്രിയുടെ പ്രസംഗത്തിൽ ‘പുതിയ പാക്കിസ്ഥാൻ’ സൃഷ്ടിക്കാനാണ് ഇമ്രാൻ ഖാൻ സർക്കാർ ശ്രമിക്കുന്നതെന്നു പറഞ്ഞതിനെ ഗംഭീർ പരിഹസിച്ചു– ‘പാക്കിസ്ഥാന്റെ പുതിയ വിദേശകാര്യമന്ത്രി പുതിയ പാക്കിസ്ഥാനെക്കുറിച്ചുള്ള കാഴ്ചപ്പാടു പങ്കുവയ്ക്കുന്നതു കേൾക്കാനാണു വന്നത്. കേട്ടതോ, പഴയ അച്ചിൽ തന്നെ വാർത്ത പുതിയ പാക്കിസ്ഥാനെക്കുറിച്ചും’

ഹാഫിസ് സയീദ് അടക്കം, യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 132 വ്യക്തികളുടെയും ഉപരോധമേർപ്പെടുത്തിയിട്ടുള്ള 22 സംഘടനകളുടെയും സുരക്ഷിത താവളവും സഹായിയുമാണു പാക്കിസ്ഥാനെന്നു ഗംഭീർ പറഞ്ഞു.

ജമ്മു കശ്മീർ തർക്കപ്രദേശമാണെന്നു ഖുറേഷി പറഞ്ഞതിനെതിരെയും ഇന്ത്യൻ പ്രതിനിധി അപലപിച്ചു. ‘കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അത് എന്നും അങ്ങനെയായിരിക്കും.’ കഴിഞ്ഞ ദിവസം പൊതുസഭയിൽ പ്രസംഗിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു. ഇന്ത്യക്കെതിരെ പാക്ക് ഭീകരാക്രമണം തുടരുമ്പോൾ അവരുമായി ചർച്ച നടത്തുക അസാധ്യമാണെന്നു സുഷമ പറഞ്ഞു.

പെഷാവർ സ്കൂൾ ആക്രമണം

2014 ഡിസംബർ 16നാണു പെഷാവറിലെ സൈനിക സ്കൂൾ ആക്രമിച്ചു 134 കുട്ടികളടക്കം 151 പേരെ കൊലപ്പെടുത്തിയത്. താലിബാനായിരുന്നു ആക്രമണത്തിനു പിന്നിൽ. കേസിൽ പ്രതികളായ 4 താലിബാൻ ഭീകരരെ 2015 ഡിസംബറിൽ തൂക്കിക്കൊന്നു. പാക്കിസ്ഥാനിലുണ്ടായ ഏറ്റവും വലിയ താലിബാൻ ഭീകരാക്രമണമായിരുന്നു ഇത്.