ഗാന്ധിക്കണ്ണട പോലെ ഏഴു സുന്ദര സ്റ്റാംപുകൾ

ന്യൂഡൽഹി∙ മഹാത്മ ഗാന്ധിയുടെ 150–ാം ജന്മവാർഷികാഘോഷങ്ങൾക്കു തുടക്കമിടുമ്പോൾ, വൃത്താകൃതിയിലുള്ള ഏഴു സ്റ്റാംപുകൾ പുറത്തിറക്കി ഇന്ത്യ പോസ്റ്റിന്റെ ആദരം. 5, 12, 20, 22, 25, 41 എന്നിങ്ങനെയാണു വില. 25 രൂപയുടെ രണ്ടു സ്റ്റാംപുകളുണ്ട്. ഏഴു സ്റ്റാംപുകളുടെയും മുഖവില കൂട്ടിയാൽ 150. ഇന്ത്യയിൽ ആദ്യമായാണ് വൃത്താകൃതിയിലുള്ള സ്റ്റാംപുകൾ. രാഷ്ട്രപതി സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണു സ്റ്റാംപുകൾ പുറത്തിറക്കിയത്.

മഹാത്മ ഗാന്ധി ശുചിത്വ കൺവൻഷൻ സമാപനവും 150–ാം ജന്മവാ‍ർഷികാഘോഷത്തുടക്കവും പ്രഖ്യാപിച്ചാണു സ്റ്റാംപ് പ്രകാശനം. അഞ്ചു ലക്ഷം മിനിയേച്ചർ ഷീറ്റുകളാണ് ഇന്ത്യയിലംു വിദേശത്തുമായി വിൽപനയ്ക്ക് അച്ചടിച്ചിരിക്കുന്നത്. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന ഗാന്ധിവചനവും ഷീറ്റിൽ ആലേഖനം ചെയ്തിരിക്കുന്നു. ഗാന്ധിജിയുടെ 65ലേറെ സ്റ്റാംപുകളാണ് പല കാലങ്ങളിലായി ഇന്ത്യ പുറത്തിറക്കിയിട്ടുള്ളത്.