5 സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡൽഹി ∙ കാലാവധിക്കു മുൻപേ പിരിച്ചുവിട്ട തെലങ്കാന ഉൾപ്പെടെ 5 സംസ്ഥാന നിയമസഭകളിലേക്കും നവംബർ–ഡിസംബർ മാസങ്ങളിലായി തിരഞ്ഞെടുപ്പ്. എല്ലായിടത്തും വോട്ടെണ്ണൽ ഡിസംബർ 11ന്. തീവ്രവാദ ഭീഷണിയുള്ള ഛത്തീസ്ഗഡിൽ മാത്രം രണ്ടു ഘട്ടമായി വോട്ടെടുപ്പ്.  

∙ മധ്യപ്രദേശിലും മിസോറമിലും വോട്ടെടുപ്പ് നവംബർ 28ന്

∙ രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബർ 7ന് വോട്ടെടുപ്പ് 

∙ ഛത്തീസ്ഗഡിൽ തീവ്രവാദ ഭീഷണിയുള്ള 18 മണ്ഡലങ്ങളിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 12ന്. 

∙ ഛത്തീസ്ഗഡിലെ മറ്റ് 72 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നവംബർ 20ന്. 

∙ കർണാടകയിൽ ശിവമൊഗ്ഗ, ബെള്ളാരി, മണ്ഡ്യ ലോക്സഭാ മണ്ഡലങ്ങളിലേക്കും രാമനഗര, ജമഖണ്ഡി നിയ‌മസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നവംബർ 3ന്. ഫല‌പ്രഖ്യാപനം നവംബർ 6ന്.

വനിതാ ബൂത്തുകൾ 

എല്ലാ മണ്ഡലങ്ങളിലും വനിതകൾ മാത്രമുള്ള ഓരോ പോളിങ് ബൂ‌ത്ത്. വനിതാ പങ്കാളിത്തം കൂട്ടുന്നതി‌ന്റെ ഭാഗമാണിത്. പോളിങ് ഓഫിസർ മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വരെ എല്ലാവരും വനിതകളാവും. 

പ്രധാനമന്ത്രിക്കു വേണ്ടിയോ ആ രണ്ടര മണിക്കൂർ?

പ്രധാനമന്ത്രിയുടെ യോഗത്തിനു വേണ്ടി തിരഞ്ഞെടുപ്പു പ്രഖ്യാപനം നീട്ടിവച്ചെന്ന് പ്രതിപക്ഷം. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ 12.30 നു നടത്തേണ്ടിയിരുന്ന വാർത്താസമ്മേളനം 3 മണി വരെയാണു നീട്ടിയത്. ഉച്ചയ്ക്ക് ഒന്നിനു രാജസ്ഥാനിലെ അജ്മേറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കഴിയുംവരെ കാത്തിരിക്കാൻ കമ്മിഷനുമേൽ സമ്മർദമുണ്ടായെന്നു കോൺഗ്രസ്. എന്നാൽ, കമ്മിഷൻ പറഞ്ഞതു രണ്ടു കാരണങ്ങൾ: തെലങ്കാനയിലെ വോട്ടർപട്ടിക മുൻകൂർ ഹാജരാക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെ‌ട്ടതും ചുഴലിക്കാറ്റു കാരണം തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപി‌ക്കരുതെന്നു ചീഫ് സെക്രട്ടറി അഭ്യർഥിച്ചതും. രണ്ടു വിഷയത്തിലും അടിയന്തരചർച്ച വേണ്ടി വന്നെന്നു റാവത്. 

പ്രഖ്യാപനം വസുന്ധര വക

അജ്മേറിൽ പ്രധാനമന്ത്രി പ്രത്യേക ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചില്ല. പക്ഷേ, രാജസ്ഥാനിൽ കർഷകർക്ക് സൗജന്യവൈദ്യുതി നൽകുന്ന പദ്ധതിക്ക് മുഖ്യമന്ത്രി വസുന്ധരരാജെ തുടക്കമിട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു തൊട്ടുമുൻപ് അതേവേദിയിലായിരുന്നു പ്രഖ്യാപനം.

∙ 'രാഷ്ട്രീയപാർട്ടികൾ എല്ലാറ്റിലും രാഷ്ട്രീയം കാണും. അത് അവരുടെ രീ‌തി. തിരഞ്ഞെടുപ്പു കമ്മിഷനുമേൽ ആരുടെയും സമ്മർദമില്ല' - ഒ.പി. റാവത്, മുഖ്യ ‌തിരഞ്ഞെടുപ്പു കമ്മിഷനർ.