മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് കോൺഗ്രസ് പിടിക്കുമെന്ന് സർവേ

ന്യൂഡൽഹി∙ അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപന ദിവസം പുറത്തുവിട്ട അഭിപ്രായ സർവേയിൽ കോൺഗ്രസിനു നേട്ടമെന്നു പ്രവചനം. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങൾ കോൺഗ്രസ് തിരിച്ചുപിടിക്കുമെന്ന് എബിപി ന്യൂസ് സർവേ പറയുന്നു.

മധ്യപ്രദേശിലെ 230 സീറ്റിൽ കോൺഗ്രസ് 122 സീറ്റും ബിജെപി 108 സീറ്റും നേടും. കോൺഗ്രസ്–42.2%, ബിജെപി–41.5%, മറ്റുള്ളവർ–16.3% എന്നിങ്ങനെയാണു വോട്ടുവിഹിതം.

രാജസ്ഥാനിലെ 200 സീറ്റിൽ കോൺഗ്രസ് 142 സീറ്റും ബിജെപി 56 സീറ്റും മറ്റുള്ളവർ 2 സീറ്റും നേടുമെന്നാണു പ്രവചനം. കോൺഗ്രസ്–50%, ബിജെപി–34%, മറ്റുള്ളവർ–16% എന്നിങ്ങനെയാണു വോട്ടുവിഹിതത്തിലെ വ്യത്യാസം.

ഛത്തീസ്‌ഗഡിൽ കേവലഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റിനു തൊട്ടുമുകളിൽ കോൺഗ്രസ് എത്തുമെന്നാണ് സർവേ സൂചന. ആകെയുള്ള 90 സീറ്റിൽ കോൺഗ്രസ് 47 സീറ്റും ബിജെപി 40 സീറ്റും മറ്റുള്ളവർ 3 സീറ്റും നേടും. കോൺഗ്രസ്–38.9%, ബിജെപി–38.6%, മറ്റുള്ളവർ–22.5% എന്നിങ്ങനെയാണു വോട്ടുവിഹിതം ലഭിക്കുകയെന്നും സർവേ പറയുന്നു.