എല്ലുമുറിയും പോരാട്ടം; തീ പാറുന്നത് മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – കോൺഗ്രസ് ഇഞ്ചോടിഞ്ചു പോരാട്ടത്തിന് അരങ്ങൊരുക്കി മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ. ഉറച്ച കോട്ടകൾ കാക്കാൻ ബിജെപി കച്ചമുറുക്കുമ്പോൾ, 15 വർഷം അധികാരം കൈവിട്ട സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കാനുള്ള അഭിമാനപ്പോരാട്ടമാണ് കോൺഗ്രസിന് ഇത്. 2003 മുതൽ ഭരണം നഷ്ടമായ സംസ്ഥാനങ്ങൾ ഇത്തവണ എന്തു വിലകൊടുത്തും തിരിച്ചുപിടിക്കണമെന്ന സന്ദേശമാണു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്.

കോൺഗ്രസിനു നേരിയ മുൻതൂക്കമുണ്ടെന്ന സർവേ ഫലം ബിജെപിയെ പരിഭ്രാന്തരാക്കുന്നില്ല; മറിച്ച് വരും ദിവസങ്ങളിൽ തീപ്പൊരി പ്രചാരണത്തിന് അത് അവർ ഇന്ധനമാക്കും. കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരിക മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമാണെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. രാജസ്ഥാനിൽ അനുകൂല അന്തരീഷം പ്രകടമാണ്. മറ്റു രണ്ടിടത്തും ബിജെപിയുടെ അടിത്തറ ശക്തമാണ്.

മധ്യപ്രദേശിൽ വിജയിക്കാനായാൽ നരേന്ദ്ര മോദിക്കെതിരെ ശക്തി തെളിയിച്ച ദേശീയനേതാവായി രാഹുൽഗാന്ധിയെ പ്രതിഷ്ഠിക്കാനാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. കർഷകരുടെയും യുവാക്കളുടെയും വോട്ടുകളിലേക്കാണു കോൺഗ്രസ് കണ്ണെറിയുന്നത്.

ഇരു സംസ്ഥാനങ്ങളിലും ആർഎസ്എസിന്റെ വ്യാപക ശൃംഖലയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ചിട്ടയോടെയുള്ള പ്രചാരണവുമാണ് ബിജെപിയുടെ കരുത്ത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ പ്രചാരണത്തിനു തുടക്കമിട്ട അമിത് ഷാ, പ്രസംഗത്തിലുടനീളം രാജ്യസ്നേഹം, അഴിമതി എന്നീ വിഷയങ്ങളിൽ രാഹുലിനെ കടന്നാക്രമിച്ചതു വരാനിരിക്കുന്ന തീപ്പൊരി പോരാട്ടത്തിന്റെ സൂചനയാണ്.

ഭരണവിരുദ്ധവികാരമുണ്ടെങ്കിലും ബിജെപി മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ (മധ്യപ്രദേശ്), രമൺ സിങ് (ഛത്തീസ്ഗഡ്) എന്നിവരുടെ പ്രതിച്ഛായയ്ക്കു കാര്യമായ മങ്ങലേറ്റിട്ടില്ല.

മായാവതിയിൽ വിശ്വാസം

സഖ്യത്തിനില്ലെന്നു വ്യക്തമാക്കിയെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാൽ, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മായാവതി തങ്ങൾക്കൊപ്പം നിൽക്കുമെന്ന വിശ്വാസത്തിലാണു കോൺഗ്രസ്. അതുകൊണ്ടു തന്നെ, ബിഎസ്‌പി തിരഞ്ഞെടുപ്പു സഖ്യം കൈവിട്ടതിൽ പാർട്ടിക്കു കാര്യമായ ആശങ്കയില്ല.