രാജസ്ഥാൻ: തിരിച്ചടിയിൽ പതറാതെ വസുന്ധര; പുതിയ ഇന്നിങ്സിന് സച്ചിൻ

വസുന്ധര രാജെ, സച്ചിൻ പൈലറ്റ്

ജയ്പുർ ∙ ഇരുനൂറിൽ 163 സീറ്റുകളും നേടിയാണ് 2013ൽ ബിജെപി രാജസ്ഥാനിൽ അധികാരമേറിയത്. 2014ൽ  ലോക്സഭയിലേക്ക് 25 സീറ്റുകളും ബിജെപിക്കു നൽകിയ സംസ്ഥാനം ഈയിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ പരാജയപ്പെടുത്തി.

മാറുന്ന ജാതിരാഷ്ട്രീയമാണു മറ്റൊരു വെല്ലുവിളി. ബിജെപിയെ എന്നും പിന്തുണച്ച രജപുത്രർ അസംതൃപ്തരാണ്. സംവരണപ്രശ്നവുമായി ഗുജ്ജറുകളും. എന്നാൽ മുഖ്യമന്ത്രി വസുന്ധര രാജെയെ പിന്തുണയ്ക്കുന്ന ജാട്ട് വോട്ട്ബാങ്ക് തകർന്നിട്ടില്ലെന്നത് ആശ്വാസമാകും. പാർട്ടിയിലും ഉൾപ്പോരുകളുണ്ട്.  മുഖ്യമന്ത്രി വസുന്ധര രാജെയോടു കേന്ദ്ര നേതൃത്വത്തിനോ ആർഎസ്എസിനോ അത്ര താൽപര്യമില്ല.

ഭരണനേട്ടവും കേന്ദ്രക്ഷേമപദ്ധതികളും പ്രചാരണ ആയുധമാക്കാനാണു ബിജെപി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു തൊട്ടു മുൻപ് പ്രധാനമന്ത്രി പങ്കെടുത്ത പൊതുസമ്മേളനത്തിലാണു മുഖ്യമന്ത്രി ഗ്രാമീണ കർഷകർക്കു സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പുകളിലും  ഉപതിരഞ്ഞെടുപ്പുകളിലും നേടിയ വിജയം കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നു; സച്ചിൻ പൈലറ്റിന്റെ നേതൃത്വം പാർട്ടിക്കു യുവത്വത്തിന്റെ പ്രസരിപ്പും. പ്രബലനായ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഗ്രൂപ്പ് സ്വാധീനവും നിർണായകം.

പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ ബിജെപി വിരുദ്ധത ആരു പ്രയോജനപ്പെടുത്തുമെന്നതു നിർണായകമാണ്. ബിഎസ്പിക്കൊപ്പം സിപിഎം,സിപിഐ, ജനതാദൾ എന്നിവ അടക്കമുള്ള കക്ഷികൾ മൂന്നാം മുന്നണിക്കും ശ്രമം തുടങ്ങിയിട്ടുണ്ട്.

പടനയിക്കുന്നവർ

വസുന്ധര രാജെ (65) 

രാജസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രി. നാലുതവണ നിയമസഭാംഗമായി. അഞ്ചു തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1985 ൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷ. രണ്ടു തവണ മുഖ്യമന്ത്രി. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.

സച്ചിൻ പൈലറ്റ് (41)

പിസിസി അധ്യക്ഷൻ. മുൻകേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ മകൻ. രാഷ്ട്രീയത്തിലിറങ്ങും മുൻപു ബിബിസിയിൽ ജോലി നോക്കി. ചെറിയ കാലം ടെറിറ്റോറിയൽ ആർമിയിൽ ലഫ്. പൈലറ്റായി. രണ്ടു തവണ ലോക്സഭാംഗം. രണ്ടാം മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗം. ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകൾ സാറയാണു ഭാര്യ.