അഞ്ചിൽ അങ്കം, ലക്ഷ്യം ഡൽഹി; ലോക്സഭാ ഫൈനലിന് മുൻപുള്ള സെമിഫൈനൽ

നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

പ്രചാരണത്തിന് ആവശ്യത്തിനു സമയം നൽകി, നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും പോലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അമരത്തുണ്ടാകേണ്ട ഉന്നത നേതാക്കളോടു തിരഞ്ഞെടുപ്പു കമ്മിഷൻ ഹൃദയവിശാലത കാട്ടിയിരിക്കുന്നു. തെലങ്കാനയിലും രാജസ്ഥാനിലും തിരഞ്ഞെടുപ്പിനു രണ്ടു മാസം നീണ്ടുനിവർന്നു കിടക്കുമ്പോൾ, പ്രാദേശികനേതാക്കൾക്കും ധാരാളം സമയം മുന്നിലുണ്ട്.

രാജസ്ഥാനിൽ ഡിസംബർ ഏഴിനു തിരഞ്ഞെടുപ്പു വച്ചത് ബിജെപി നേതാക്കൾ മുഖ്യ സ്ഥാനാർഥികളായുള്ള സംസ്ഥാനങ്ങളിലെല്ലാം മോദിയുടെ തീവ്രപ്രചാരണത്തിന് അവസരമൊരുക്കാനാണെന്നു പ്രതിപക്ഷം ആരോപിക്കുമ്പോൾ കമ്മിഷനു പറഞ്ഞുനിൽക്കാൻ മറ്റൊന്നുണ്ട്– രാജസ്ഥാനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോൺഗ്രസിനും അത്രയും തന്നെ സമയം കിട്ടുന്നുണ്ട്. ഛത്തീസ്ഗഡിലാകട്ടെ ഇരുകൂട്ടർക്കും കിട്ടുന്നതു താരതമ്യേന ചെറിയ സമയമാണു താനും.

അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമി ഫൈനലെന്നു വിളിക്കാവുന്ന ഈ തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും  അത്യന്തം നിർണായകം. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും രണ്ടു ദേശീയ പാർട്ടികൾ നേർക്കുനേർ ഏറ്റമുട്ടുന്ന  65 സീറ്റുകളിൽ  83 ലോക്സഭ മണ്ഡലങ്ങളും ഉൾപ്പെടുന്നു. ഇതിൽ 59 സീറ്റുകളും ബിജെപിയുടെ കയ്യിലാണ്.

രമൺ സിങ് (2003 മുതൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി), ശിവരാജ് ചൗഹാൻ (2005 മുതൽ മധ്യപ്രദേശ് മുഖ്യമന്ത്രി), വസുന്ധര രാജെ (അഞ്ചു വർഷം വീതമുള്ള രണ്ടു തവണ രാജസ്ഥാൻ മുഖ്യമന്ത്രി) തുടങ്ങിയവരെപ്പോലെ പയറ്റിത്തെളിഞ്ഞ നേതാക്കളാണ് ഇവിടങ്ങളിൽ ബിജെപിയുടെ കരുത്ത്.

യുവനേതാക്കളെ രംഗത്തിറക്കിയാണു രാഹുൽ ഗാന്ധിയുടെ പോരാട്ടം: രാജസ്ഥാനിൽ സച്ചിൻ പൈലറ്റ്; മധ്യപ്രദേശിൽ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ; ഛത്തീസ്ഗഡിൽ ടി.എസ്. സിങ്ദിയോ, ഭൂപേഷ് ബാഗേൽ. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്നനേതാവുമായ അശോക് ഗെലോട്ടിന് കോൺഗ്രസ് ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള ചുമതലകൾകൂടി നൽകിയപ്പോൾ, മധ്യപ്രദേശിലെ മുതിർന്ന നേതാവ് ദിഗ്‌വിജയ സിങ്ങിനു പ്രചാരണസമിതി അധ്യക്ഷന്റെ ചുമതലയാണ്.

മായാവതിയുടെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം സംസ്ഥാന നേതാക്കളുടെ എതിർപ്പു കാരണം കോൺഗ്രസ് ഉപേക്ഷിച്ചതോടെ ഛത്തീസ്ഗഡ് ഒഴികെ എല്ലായിടത്തും  മായാവതി കോൺഗ്രസ് പക്ഷത്തിനു പുറത്താണ്. ഛത്തീസ്ഗഡിൽ മുൻകോൺഗ്രസ് നേതാവായ അജിത് ജോഗിയാണു കൂട്ട്.

ഇന്ധന വിലക്കയറ്റവും രൂപയുടെ വിലയിടിവും മൂലം സമ്പദ്‌വ്യവസ്ഥ ചാഞ്ചാടുന്ന പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പ്. നോട്ട് നിരോധനം അടക്കം സാമ്പത്തികരംഗത്തെ കെടുകാര്യസ്ഥതയും വിലക്കയറ്റവും മൂലം സാധാരണക്കാർ നേരിടുന്ന ദുരിതങ്ങളാണു  കോൺഗ്രസ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. ബിജെപിയാകട്ടെ, അവർ ഭരിക്കുന്ന ഈ മൂന്നു സംസ്ഥാനങ്ങളിലുമുള്ള രാഷ്ട്രീയ സ്ഥിരതയും അവിടെ നടപ്പാക്കിയിട്ടുള്ള ക്ഷേമപദ്ധതികളും അടിവരയിട്ടു പറയുന്നു.

തെലങ്കാനയിൽ പോരാട്ടം ടിആർഎസും കോൺഗ്രസ് നയിക്കുന്ന സഖ്യവും തമ്മിലാണ്. ഈ സഖ്യത്തിൽ സിപിഐയും കൈകോർത്തിട്ടുണ്ടെങ്കിലും സിപിഎം പുറത്താണ്.  തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, അധികാരം കുടുംബത്തിനു പുറത്തൊരാൾക്കു കൈമാറുമോയെന്ന കാര്യത്തിൽ സന്ദേഹം തുടരുകയാണ്. അഞ്ചു വർഷം ഭരിച്ചിട്ട് മാറിത്തരാമെന്നു 2014ൽ സംസ്ഥാനം നിലവിൽ വന്നപ്പോൾ അദ്ദേഹം ഉറപ്പു പറഞ്ഞിരുന്നതാണ്. പക്ഷേ, അദ്ദേഹത്തിന്റെ മകനും മകളും ഉൾപ്പെടെ കുടുംബത്തിലെ നാലു പേർ സംസ്ഥാന സർക്കാരിലും പാർലമെന്റിലും സുപ്രധാന പദവികൾ വഹിക്കുന്നു. വിഭജിക്കും മുൻപുള്ള ആന്ധ്രപ്രദേശിൽ 1982 മുതൽ തങ്ങളുടെ മുഖ്യ എതിരാളിയായിരുന്ന തെലുങ്കുദേശവുമായി കോൺഗ്രസ് തെലങ്കാനയിൽ നടത്തുന്ന സഖ്യപരീക്ഷണം ആന്ധ്രയുടെ ചുമതലയുള്ള ഉമ്മൻ ചാണ്ടി ഉൾപ്പെടെ നേതാക്കളെല്ലാം ഏറെ ജിജ്ഞാസയോടെ നിരീക്ഷിക്കുന്നു. ആന്ധ്രയിൽ അടുത്ത മേയിൽ നടക്കുന്ന ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും അതായിരിക്കും വഴികാട്ടി.

മിസോറമിൽ 2008 മുതൽ കോൺഗ്രസാണു ഭരണത്തിൽ. വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനം. ഇതു കൂടി പിടിച്ചെടുത്തു മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണു ബിജെപി ലക്ഷ്യം. എന്നാൽ, മിസോറമിലെ കോൺഗ്രസിന്റെ പടനായകൻ ലാൽ തൻഹാവ്‌ലയുടെ വേരുകൾ ശക്തമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയിച്ചാൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിനു വലിയ ഊർജം പകരും. മോദി പ്രഭാവം ദുർബലമാകും. അതേസമയം  പ്രധാന സംസ്ഥാനങ്ങളിൽ ബിജെപി ഭരണം നിലനിർത്തിയാൽ  ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക്  ആത്മവിശ്വാസത്തോടെ മുന്നേറാൻ നരേന്ദ്രമോദിക്കു കഴിയും.

കോൺഗ്രസ്

അനുകൂലം

∙ഭരണവിരുദ്ധ വികാരം  

∙രാഹുൽ ഗാന്ധിയുടെ വർധിക്കുന്ന സ്വീകാര്യത

∙സംസ്ഥാനങ്ങളിലെ യുവ നേതൃത്വം

∙നോട്ടുനിരോധനത്തിലെ പാളിച്ചകൾ 

∙തൊഴിലില്ലായ്മ രൂക്ഷം

∙പെട്രോൾ, ഡീസൽ വിലവർധന രൂക്ഷം

∙ജിഎസ്ടി പ്രതിസന്ധി

∙കർഷകസമരങ്ങൾ 

∙ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾ

പ്രതികൂലം

∙ദുർബലമായ പാർട്ടി സംവിധാനം

∙സാമ്പത്തിക പിൻബലത്തിന്റെ അഭാവം

∙ ശക്തമായ പ്രാദേശിക നേതൃത്വത്തിന്റെ അഭാവം

∙പ്രതിപക്ഷ അനൈക്യം 

ബിജെപി

അനുകൂലം

∙മോദി പ്രഭാവം

∙ശക്തമായ പാർട്ടി സംവിധാനം

∙ശക്തമായ പ്രദേശിക നേതൃത്വം

∙സാമ്പത്തിക പിൻബലം

∙മൂന്നു പ്രധാന സംസ്ഥാനങ്ങളിൽ ഭരണത്തിൽ

∙പ്രതിപക്ഷ അനൈക്യം

പ്രതികൂലം

∙ഭരണവിരുദ്ധ വികാരം

∙റഫാൽ ഇടപാട്, വ്യാപം അഴിമതി

∙നോട്ടുനിരോധനം വരുത്തിയ സാമ്പത്തിക മാന്ദ്യം

∙തൊഴിലില്ലായ്മ

∙പെട്രോൾ, ഡീസൽ വിലക്കയറ്റം

∙ജിഎസ്ടി പ്രതിസന്ധി, കാർഷിക പ്രതിസന്ധി

∙ആൾക്കൂട്ട കൊലപാതകം

ഭൂരിപക്ഷം: വലുതും ചെറുതും

 തെലങ്കാന

∙മുഹമ്മദ് മൗസം ഖാൻ (എഐഎംഐഎം) ബഹദൂർപുര – 95,045

∙സി.വാംഷിചന്ദ് റെഡ്ഡി (കോൺഗ്രസ്) – കൽവകുർത്തി – 78

ഛത്തീസ്ഗഡ്

∙അമിത് അജിത് ജോഗി (കോൺഗ്രസ്) – മാർവാഹി – 46,250

∙രാജു സിങ് ക്ഷത്രി (ബിജെപി)– തകത്പൂർ – 608

മധ്യപ്രദേശ്

∙രമേശ് മെണ്ടോള (ബിജെപി) – ഇൻഡോർ രണ്ട് – 91,017

∙പരുൾ സാഹു കേസരി (ബിജെപി) – സുർഖി – 141

മിസോറം

∙ബുദ്ധാ ധൻ ചക്മ (കോൺഗ്രസ്) – ടുയിച്ചാങ് – 8,726

∙ലാൽറിനവ്മ (എംഎൻഎഫ്) – ടുയ്കോം – 14

രാജസ്ഥാൻ

∙ഗ്യാൻശ്യാം തിവാരി (ബിജെപി) – സാംഗനീർ– 65,350

∙നവീൻ പിലാനിയ (എൻപിഇപി)– അംബർ – 329

വനിതാ പ്രാതിനിധ്യം

∙ തെലങ്കാന – 9 (8%)

∙ ഛത്തീസ്ഗഡ് – 10 (11%)

∙ മധ്യപ്രദേശ് – 30 (13%)

∙ രാജസ്ഥാൻ – 27 (14%)

∙ മിസോറം – 1 (3%)

ദശകം കടന്ന മുഖ്യമന്ത്രിമാർ

∙ ശിവരാജ് സിങ് ചൗഹാൻ – ‌മധ്യപ്രദേശ് (12 വർഷം 308 ദിവസം)

∙ രമൺസിങ് – ഛത്തീസ്ഗഡ് (14 വർഷം 300 ദിവസം)

∙ ലാൽ തൻഹാവ്‌ല – മിസോറം – (22 വർഷം)