രണ്ടു സംസ്ഥാനങ്ങൾ, രണ്ടു പാളയം; പട നയിക്കാൻ ഒരേ കുടുംബം

വസുന്ധര രാജെ സിന്ധ്യ

ന്യൂഡൽഹി ∙ രാജ്യം ഉറ്റുനോക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളിൽ രണ്ടു സംസ്ഥാനങ്ങളിൽ പട നയിക്കുന്നതു സിന്ധ്യ കുടുംബം; അതും രണ്ടു പാളയങ്ങളിലായി. തിരഞ്ഞെടുപ്പു ചരിത്രത്തിലെ അപൂർവ കാഴ്ച. രാജസ്ഥാനിൽ മുഖ്യമന്ത്രിക്കസേര നിലനിർത്താനുള്ള പോരാട്ടത്തിലാണു ബിജെപിയുടെ വസുന്ധര രാജെ സിന്ധ്യ; തൊട്ടപ്പുറത്തു മധ്യപ്രദേശിലെ ‌മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടു സഹോദരപുത്രനായ കോൺഗ്രസിന്റെ ‌ജ്യോതിരാദിത്യ സിന്ധ്യയുണ്ട്. ഇവിടെ ബിജെപി ഭരണം നിലനിർത്താൻ മുൻനിരയിലുള്ളവരിൽ ജ്യോതിരാദിത്യയുടെ ഇളയ അമ്മായിയും വസുന്ധരയുടെ സഹോദരിയുമായ സംസ്ഥാന മന്ത്രി യശോധര രാ‌ജെയും.

ഗ്വാളിയറിലെ സിന്ധ്യ രാജവംശത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ മൂന്നു തലമുറയുടെ പാരമ്പര്യമുണ്ട്. ഗ്വാളിയർ രാജാവ് ജിവാജിറാവു സിന്ധ്യ 1947ൽ വിവിധ നാട്ടുരാജ്യങ്ങളെ ചേർത്തുള്ള മധ്യഭാരത് സംസ്ഥാനത്തിന്റെ രാജപ്രമുഖ് ആയിരുന്നു. 1956ൽ മധ്യഭാരത് മധ്യപ്രദേശിനോടു ചേർത്തു. ഭാര്യ രാജമാതാ വിജയരാജെ സിന്ധ്യ 1957, ’62 വർഷങ്ങളിൽ കോൺഗ്രസ് ടിക്കറ്റിലും ’67ൽ സ്വതന്ത്ര പാർട്ടി ടിക്കറ്റിലും ലോക്സഭയിലെത്തി. പിന്നീട് ജനസംഘത്തിലെത്തിയ അവർ 1980ൽ ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളായി. 1989, 91, 96, 98 വർഷങ്ങളിൽ വീണ്ടും ലോക്സഭയിൽ. മക്കളിൽ മാധവറാവു 1971ൽ ജനസംഘത്തിലൂടെയാണു രാഷ്ട്രീയത്തിലെത്തിയത്.

1980ൽ കോൺഗ്രസിലെത്തി. വസുന്ധര രാജെയും യശോധര രാജെയും അമ്മയ്ക്കൊപ്പം ബിജെപിയിൽ നിലകൊണ്ടു. സ്വത്തു ഭാഗിച്ചപ്പോൾ മാധവറാവുവിനു രാജമാത ചില്ലിക്കാശു കൊടുത്തില്ല. മാധവറാവുവിന്റെ മകൻ ജ്യോതിരാദിത്യ കോടതി കയറി.

26 വർഷത്തിനു ശേഷവും തീർപ്പാകാത്ത തർക്കം ഒരു ലക്ഷം കോടി രൂപയുടേതാണ്. അതിന് ഇനിയും സമയമെടുത്തോട്ടെ എന്നാണു വാശിക്കാരനായ ജ്യോതിരാദിത്യ കഴിഞ്ഞ ദിവസം പറഞ്ഞത്. തൽക്കാലം ജനകീയക്കോടതിയിലെ തീർപ്പു തന്നെ അഭിമാനപ്രശ്നം.