ഭിലായ് ഉരുക്കുനിർമ‍ാണശാലയിൽ സ്ഫോടനം; ഒൻപതു മരണം

ഭിലായ് ഉരുക്കുനിർമ‍ാണശാലയിൽ വാതകക്കുഴലിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ സ്ഫോടനത്തെ തുടർന്നു തീ പടർന്നപ്പോൾ. ചിത്രം: പിടിഐ

ഭിലായ് (ഛത്തീസ്‌ഗഡ്) ∙ ഭിലായ് ഉരുക്കുനിർമ‍ാണശാലയിലെ കൽക്കരി അടുപ്പിലേക്കുള്ള വാതകക്കുഴലിൽ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ സ്ഫോടനത്തിൽ 9 ജീവനക്കാർ കൊല്ലപ്പെട്ടു. 14 പേർക്കു പരുക്കേറ്റു. രാവിലെ 10.30നായിരുന്നു സ്ഫോടനം. 24 ജീവനക്കാരാണു സംഭവസ്ഥലത്തുണ്ടായിരുന്നത്.

കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയിൽ) കീഴിലുള്ള സ്ഥാപനമാണിത്.  ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്പുരിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഇവിടെയാണു റെയിൽവേക്കുവേണ്ടിയുള്ള പാളങ്ങൾ നിർമിക്കുന്നത്.