വ്യോമസേനയ്ക്കു കരുത്ത് പകരാൻ ചിനൂക് കോപ്റ്റർ; സേനാംഗങ്ങൾ നെതർലൻഡ്സിൽ പരിശീലനത്തിൽ

എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ

ന്യൂഡൽഹി∙ അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളിൽ യുഎസ് സേനയ്ക്കു കരുത്തു പകർന്ന ചിനൂക് ഹെലികോപ്റ്ററുകൾ വൈകാതെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ബോയിങ്ങിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 15 ചിനൂക് (സിഎച്ച് 47 എഫ് ) കോപ്റ്ററുകൾ താമസിയാതെ ലഭിക്കുമെന്നു സേനാ വൃത്തങ്ങൾ വ്യക്തമാക്കി. ഇതു പറത്തുന്നത്തിൽ വിദഗ്ധ പരിശീലനത്തിനായി സേനാംഗങ്ങൾ നെതർലൻഡ്സിലെത്തി. നിർമാതാക്കളായ ബോയിങ് കമ്പനിയുടെ നേതൃത്വത്തിൽ ഈ മാസമാദ്യമാണു പരിശീലനം ആരംഭിച്ചത്. ചിനൂക് – കരുത്ത് ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്ന്.

ആദ്യ പറക്കൽ 1962 ൽ‍. അഫ്ഗാൻ, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളിൽ യുഎസ് സേന ഉപയോഗപ്പെടുത്തി. ഈ കോപ്റ്ററിന്റെ നവീന പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്. ദൗത്യം 9.6 ടൺ സാമഗ്രികൾ വഹിക്കാൻ ശേഷിയുണ്ട്. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ഇടങ്ങളിൽ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ എത്തിക്കാനാവും. ചൈനയോടു ചേർന്നുള്ള പ്രദേശത്തു റോഡ് പണിയാൻ യന്ത്രങ്ങൾ എളുപ്പത്തിൽ എത്തിക്കാനാവും. ദുരന്ത, യുദ്ധ മേഖലകളിലേക്ക് സേനാംഗങ്ങളെ അതിവേഗം എത്തിക്കാം. ഗുണം ഓഫ്സെറ്റ് വ്യവസ്ഥയനുസരിച്ച് കരാർ തുകയുടെ നിശ്ചിത വിഹിതം ഇന്ത്യൻ പ്രതിരോധ മേഖലയിൽ ബോയിങ്ങിനു നിക്ഷേപിക്കേണ്ടി വരും. രാജ്യത്തെ പ്രതിരോധ വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ഇത് ഊർജം പകരും.

എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ (വ്യോമസേനാ മേധാവി)

‘‘ചിനൂക് ഹെലികോപ്റ്ററുകളുടെ വരവ് വ്യോമസേനയ്ക്കു കരുത്തു പകരും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന സജ്ജം.’’