ബോളിവുഡിൽ ഇങ്ങനെ, സ്വന്തം കമ്പനി പൂട്ടി അനുരാഗ് കശ്യപ്

അനുരാഗ് കശ്യപ്

മുംബൈ∙ ബോളിവുഡിനെ പിടിച്ചുലച്ചു ‘മീടൂ’ വിവാദം കത്തിപ്പടർന്നപ്പോൾ പ്രമുഖ സംവിധായകൻ അനുരാഗ് കശ്യപ് സ്വന്തം നിർമാണക്കമ്പനി തന്നെ അടച്ചുപൂട്ടി. അനുരാഗിന്റെ ‘ബോംബെ വെൽവെറ്റ്’ എന്ന ചിത്രത്തിന്റെ ആഘോഷച്ചടങ്ങിലാണു നിർമാണ പങ്കാളികളിലൊരാളായ വികാസ് ബാൽ ചിത്രത്തിന്റെ സഹ സംവിധായികയോടു മോശമായി പെരുമാറിയെന്ന ആരോപണമുയർന്നത്. കശ്യപിനോടു പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്നു കൂടി സഹസംവിധായിക ആരോപിച്ചതോടെ കമ്പനി അടച്ചു പൂട്ടുന്നതായി അനുരാഗ് കശ്യപ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഫാന്റം ഫിലിംസ് നിർമിക്കാനിരുന്ന ചിത്രം ‘സൂപ്പർ 30’, വെബ് സീരീസ് ‘സേക്രഡ് ഗെയിംസ്’ എന്നിവയുടെ ഭാവി അനിശ്ചിതത്വത്തിലായി.

ബോളിവുഡിനെ പ്രതിസന്ധിയിലാക്കിയ മറ്റൊരു വെളിപ്പെടുത്തൽ ഉണ്ടായത് ആമിർ ഖാന്റെ പുതിയ ചിത്രം മുഗളിന്റെ സംവിധായകൻ സുഭാഷ് കപൂറിനുനേരെയാണ്. ഇതോടെ ആമിർ ഖാൻ പദ്ധതി ഉപേക്ഷിച്ചു. സംവിധായകൻ സാജിദ് ഖാനെതിരായ പരാമർശത്തെത്തുടർന്നു ‘ഹൗസ്‌ഫുൾ–4’ എന്ന ചിത്രത്തിൽനിന്ന് അക്ഷയ് കുമാർ പിന്മാറിയിരുന്നു. ആരോപിതർക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നല്ലെന്നു പറഞ്ഞായിരുന്നു അക്ഷയിന്റെ പിന്മാറ്റം. നിർമാതാക്കാളായ സുഭാഷ് ഘായിക്കെതിരെയും കരീം മൊറാനിക്കെതിരെയും ഗായകൻ കാർത്തികിനെതിരെയും വെളിപ്പെടുത്തലുകൾ മീടൂ ക്യാംപയിന്റെ ഭാഗമായി ഉണ്ടായി.

സംഗീതരംഗത്തുള്ളവർ മൗനം വെടിയണം: ടി.എം.കൃഷ്ണ സംഗീത രംഗത്തെ പ്രമുഖർക്കെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് കർണാട്ടിക് മ്യൂസിക് കമ്യൂണിറ്റിയിലെ ഇരുനൂറോളം അംഗങ്ങൾ ആവശ്യപ്പെട്ടു. മീ ടൂ ആരോപണങ്ങളിൽ സംഗീത രംഗത്തുള്ളവർ മൗനം വെടിഞ്ഞു മുന്നോട്ടുവരണമെന്നു സംഗീതഞ്ജൻ ടി.എം. കൃഷ്ണ ട്വീറ്റ് ചെയ്തു. ഈ മേഖലയിൽ കുട്ടികൾ അടക്കം ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഒന്നിലേറെ സംഭവങ്ങൾ തനിക്കു നേരിട്ടറിയാമെന്നും ഗായിക ചിൻമയി വെളിപ്പെടുത്തിയിരുന്നു.

ഗായിക ചിൻമയി തനിക്കെതിരെ ഉയർത്തിയ ലൈംഗിക ആരോപണങ്ങളിൽ അഭിഭാഷകരുമായി ചർച്ച നടത്തിയെന്നും കേസ് നേരിടാൻ കാത്തിരിക്കുകയാണെന്നും കവി വൈരമുത്തു അറിയിച്ചു. വൈരമുത്തു നുണ പരിശോധനയ്ക്കു തയാറാകണമെന്നും നിയമ നടപടികളുമായി മൂന്നോട്ടു പോകുമെന്നുമായിരുന്നു ചിൻമയിയുടെ പ്രതികരണം.