അക്ബർ തിരിച്ചെത്തി, രാജിയില്ല, കോടതിയെ സമീപിക്കും

എം.ജെ.അക്ബർ വിദേശയാത്രയ്ക്കു ശേഷം ന്യൂഡൽഹിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ.

ന്യൂഡൽഹി∙ സ്ത്രീ പീഡന വിവാദത്തിൽ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ രാജിവയ്ക്കാൻ വിസ്സമ്മതിച്ചതോടെ തീരുമാനം പ്രധാനമന്ത്രിയുടെ ‌ബാധ്യതയായി. ‘#മീടൂ പീഡന പ്രചാരണം വ്യാജവും ബോധപൂർവവും; അതിനെതിരെ കോടതിയെ സമീപിക്കും’ എന്നായിരുന്നു വിദേശയാത്ര കഴിഞ്ഞെത്തിയ അക്ബറുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ല.

ബിജെപിയുടെ ശത്രുക്കളാണു പ്രചാരണത്തിനു പിന്നിലെന്നു സ്ഥാപിക്കാനാണ് അക്ബറുടെ ശ്രമമെന്നു കരുതുന്നു. ബിജെപിയെ രാഷ്ട്രീയമായി എതിർക്കുന്നവരുടെ ‘സംഘടിതപ്രചാരണ’ത്തിനെതിരെ പാർട്ടിയുടെ പിന്തുണയും തേടി. മാനനഷ്ടം ആരോപിച്ചു കോടതിയെ സമീപിക്കാനാണു നീക്കം. മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം #മീടൂ പ്രചാരണം ഡൽഹി ഹൈക്കോടതി തടഞ്ഞിരുന്നു.
മാറിനിന്ന് അന്വേഷണം നേരിടാൻ അക്ബറിനോടു പ്രധാനമന്ത്രി ആവശ്യപ്പെടാനാണു സാധ്യത. അതിൽ കുറഞ്ഞ നടപടി തിരഞ്ഞെടുപ്പു വർഷത്തിൽ പ്രതിപക്ഷത്തിന് ആയുധമാകും.

വനിതാ മന്ത്രിമാരായ മേനക ഗാന്ധിയും സ്മൃതി ഇറാനിയും ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞെങ്കിലും പാർട്ടിയെന്ന നിലയിൽ ബിജെപി മൗനത്തിലാണ്. അക്ബറുടെ വിശദീകരണം കേട്ട ശേഷം അടുത്ത ഘട്ടം എന്നാണു പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നിലപാട്. എങ്കിലും മന്ത്രിപദവിയിൽ തുടരാൻ എളുപ്പമാകില്ലെന്ന സൂചനയാണു പാർട്ടി വൃത്തങ്ങൾ നൽകുന്നത്.
പ്രധാനമന്ത്രിയുടെ മൗനം അസ്വീകാര്യമാണെന്നും അദ്ദേഹം നിലപാടു വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു.

ആനന്ദ് ശർമ, കോൺഗ്രസ് വക്താവ്

ബേഠി ബചാവോ ബേഠി പഠാവോ (പെൺകുട്ടിയെ രക്ഷിക്കുക, പഠിപ്പിക്കുക) എന്നാണു മുദ്രാവാക്യം. പ്രസംഗിക്കുന്നതു സ്ത്രീയുടെ അന്തസ്സിനെക്കുറിച്ചും. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അദ്ദേഹം സ്വീകരിക്കുന്ന നടപടികളുടെ പേരിൽ ജനങ്ങൾ വിലയിരുത്തട്ടെ

പീഡകർക്കൊപ്പം പ്രവർത്തിക്കില്ല: ഹിന്ദി വനിതാ സംവിധായകർ

മുംബൈ∙ ലൈംഗിക ചൂഷകർക്കൊപ്പം ജോലി ചെയ്യില്ലെന്നും അവരെ തങ്ങളുടെ സിനിമയിൽ പരിഗണിക്കില്ലെന്നും 11 ബോളിവുഡ് വനിതാ സംവിധായകർ. കൊങ്കണ സെൻ ശർമ, നന്ദിത ദാസ്, മേഘ്ന ഗുൽസാർ, ഗൗരി ഷിൻഡെ, കിരൺറാവു, റീമ കഗ്തി, സോയ അക്തർ, അലംകൃത ശ്രീവാസ്തവ, നിത്യ മെഹ്റ, രുചി നരെയ്ൻ, ഷോണാലി ബോസ് എന്നിവരാണു നിലപാട് വ്യക്തമാക്കിയത്.

നടൻ ആമിർ ഖാനും ഭാര്യ കിരൺ റാവുവും കഴിഞ്ഞ ദിവസം ഇതേ കാരണത്താൽ ഒരു പ്രോജക്ടിൽനിന്നു പിന്മാറിയിരുന്നു. നാനാ പടേക്കർ, അലോക്നാഥ് തുടങ്ങിയവർക്കെതിരെ  കഴിഞ്ഞ ദിവസങ്ങളിൽ #മീടൂ വെളിപ്പെടുത്തലുകളുണ്ടായിരുന്നു.