വിരോധം തീർക്കാൻ മീ ടൂ പാടില്ല: ബോംബെ ഹൈക്കോടതി

മുംബൈ∙  മീ ടൂ ഇരകൾക്കു വേണ്ടിയാണെന്നും ആരൊടെങ്കിലുമുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ അതു ദുരുപയോഗിക്കരുതെന്നും ബോംബെ ഹൈക്കോടതി. ‘ഫാന്റം ഫിലിംസ്’ സിനിമാ നിർമാണ കമ്പനിയിലെ പങ്കാളികളായിരുന്ന സംവിധായകൻ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്ട്‌വാനെ എന്നിവർക്കെതിരെ സംവിധായകൻ വികാസ് ബഹൽ നൽകിയ മാനനഷ്ടക്കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി. ബഹലിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചിരുന്ന ഫാന്റ്ം ഫിലിംസ് ജീവനക്കാരി കേസിൽ കക്ഷി ചേരാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഈ നിരീക്ഷണം നടത്തിയത്.

സ്ത്രീക്ക് കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെങ്കിൽ ആരും ഇതേക്കുറിച്ച് സംസാരിക്കരുത്. തങ്ങളുടെ കണക്കുതീർക്കാൻ ആരെങ്കിലും സ്ത്രീയെ ഉപകരണമാക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.