മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കളുടെ സീറ്റ് പോര്

ഭോപാൽ∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അടുക്കവേ, മധ്യപ്രദേശ് കോൺഗ്രസിൽ പ്രമുഖ നേതാക്കൾ തമ്മിലുള്ള പോരു കനത്തു. ആരാണു മുഖ്യമന്ത്രി സ്ഥാനാർഥിയെന്നു തീരുമാനിക്കാത്തതിനാൽ, പരമാവധി അനുയായികൾക്കു സീറ്റ് തരപ്പെടുത്തിക്കൊടുക്കാനാണു നേതാക്കൾ ഇപ്പോൾ പതിനെട്ടടവും പയറ്റുന്നത്.

230 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിക്കാൻ 4 വട്ടം ചർച്ച കഴിഞ്ഞെങ്കിലും 70 സീറ്റിൽ മാത്രമേ ധാരണയായിട്ടുള്ളു. ഇതിൽ 40 പേർ സിറ്റിങ് എംഎൽഎമാരാണ്.

വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താനായി കോൺഗ്രസ് കേന്ദ്രനേതൃത്വം സ്വതന്ത്ര ഏജൻസികളെ വച്ച് സർവേ നടത്തിയെങ്കിലും അത്തരം തയാറെടുപ്പുകളെല്ലാം കാറ്റിൽ പറത്തിയാണു നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്.

മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്‌വിജയ് സിങ്, പ്രചാരണവിഭാഗം അധ്യക്ഷൻ ജ്യോതിരാദിത്യ സിന്ധ്യ, പിസിസി അധ്യക്ഷൻ കമൽ നാഥ് എന്നീ നേതാക്കളുടെ ഗ്രൂപ്പുകളാണു ആധിപത്യത്തിനായി പോരടിക്കുന്നത്.

സ്ഥാനാർഥികളെ തീരുമാനിക്കേണ്ട കേന്ദ്ര തിരഞ്ഞെടുപ്പു സമിതി (സിഇസി) ഗ്രൂപ്പുതാൽപര്യം സംരക്ഷിക്കാൻ പുനഃസംഘടിപ്പിക്കേണ്ടി വന്നു. സമിതിയിൽ ആദ്യം പിസിസി അധ്യക്ഷൻ കമൽനാഥും പ്രതിപക്ഷ നേതാവ് അജയ് സിങ്ങും എഐസിസി ജനറൽ സെക്രട്ടറി മധുസൂദൻ മിസ്ട്രിയും അടക്കം 5 അംഗങ്ങളായിരുന്നു. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യ പ്രതിഷേധിച്ചതോടെ അദ്ദേഹത്തെയും ഉൾപ്പെടുത്തി. പിന്നാലെ ദിഗ്‌വിജയ് സിങ്ങിനെ പ്രത്യേക ക്ഷണിതാവാക്കി.

നവംബർ 2 മുതൽ നാമനിർദേശ പത്രിക നൽകാം.