മിന്നലാക്രമണ സൂചന വീണ്ടും; അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി∙ ഇന്ത്യയിൽ ആക്രമണം അഴിച്ചുവിടാൻ ലക്ഷ്യമിട്ട് പാക്ക് ഭീകരരുടെ വൻസംഘം അതിർത്തിക്കപ്പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യാക്രമണ സജ്ജമായി കരസേന. മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ഇവർ കിണഞ്ഞു ശ്രമിക്കുകയാണെന്നാണ് ഇന്റിലിജൻസ് റിപ്പോർട്ട്. ഇതോടെ, ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കി.

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനു സൗകര്യമൊരുക്കിയാൽ കനത്ത തിരിച്ചടി നൽകുമെന്നു പാക്ക് സേനയ്ക്ക് ഇന്ത്യ മുന്നറിയിപ്പു നൽകി. മഞ്ഞുവീഴ്ച ആരംഭിച്ചാൽ അതിർത്തിയിൽ പലയിടത്തും നുഴഞ്ഞുകയറ്റം ദുഷ്കരമാകുമെന്നതിനാൽ, വരും ആഴ്ചകളിൽ പരമാവധി ഭീകരർ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കുമെന്നാണു വിലയിരുത്തൽ. പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം നടത്തണമെന്ന വികാരം അതിർത്തി കാക്കുന്ന സൈനികർക്കിടയിൽ ശക്തമാണ്.

രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ കഴിഞ്ഞ ദിവസം നുഴഞ്ഞുകയറിയ 6 ഭീകരർ നടത്തിയ ആക്രമണത്തിൽ 3 സൈനികർ വീരമൃത്യു വരിച്ച പശ്ചാത്തലത്തിലാണ് കർശന നടപടിക്കു സേന തയാറെടുക്കുന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുപോകാൻ പാക്ക് സേനയോട് ഇന്ത്യ ആവശ്യപ്പെട്ടു.

അതിർത്തിക്കപ്പുറമുള്ള താവളങ്ങളിൽ പാക്ക് സേനയുടെ മേൽനോട്ടത്തിലാണു ഭീകരർക്കുള്ള പരിശീലനം. പാക്ക് സേനാ വിഭാഗമായ ബോർഡർ ആക്‌ഷൻ ടീം (ബാറ്റ്) ആണ് ഇവർക്കു നുഴഞ്ഞുകയറ്റത്തിനു സൗകര്യമൊരുക്കുന്നതെന്നാണ് ഇന്ത്യയുടെ നിഗമനം.

30 താവളം, 300 ഭീകരർ

അതിർത്തി കടക്കുന്നതിനു മുന്നോടിയായി ഭീകരർ നിലയുറപ്പിക്കുന്ന താവളങ്ങളാണു ‘ടെറർ ലോഞ്ച് പാഡ്’. നിയന്ത്രണ രേഖയുടെ 3 കിലോമീറ്റർ പരിധിയിലാണ് ഇവയിൽ ഭൂരിഭാഗവും. 30 താവളങ്ങളിലായി 300 ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിനു ലഭിച്ച വിവരം. ഇത്തരത്തിലുള്ള 7 താവളങ്ങൾക്കെതിരെയാണു 2016 സെപ്റ്റംബറിൽ സേന മിന്നലാക്രമണം നടത്തിയത്. രണ്ടാഴ്ചയോളം നിരീക്ഷണം നടത്തിയ ശേഷമാണു സേനയുടെ കമാൻഡോ വിഭാഗം (പാരാ സ്പെഷൽ ഫോഴ്സ്) അന്ന് ആക്രമണം നടത്തിയത്