#മീടൂ: അടിയന്തര വാദം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ #മീടൂ വെളിപ്പെടുത്തലുകളിൽ കേസെടുക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജിയിൽ അടിയന്തര വാദം കേൾക്കേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഈ ആവശ്യം നിരാകരിച്ചത്. 

ഇരകളായ സ്ത്രീകൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും ആരോപണവിധേയരായ പുരുഷൻമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ എം.എൽ. ശർമ സമർപ്പിച്ച ഹർജിയിൽ ദേശീയ വനിതാ കമ്മിഷനും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണ് എതിർകക്ഷികൾ.