മീ ടൂ മുന്നേറ്റത്തിന് ഉറച്ച പിന്തുണയുമായി എ.ആർ.റഹ്മാൻ

ചെന്നൈ∙ജോലി സ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്കെതിരായ മീ ടൂ മുന്നേറ്റത്തെ ശക്തമായി പിന്തുണച്ചും മോശമായ പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയും എ.ആർ.റഹ്മാൻ. തമിഴ് സിനിമാ ലോകത്തു ഒട്ടേറെ മീ ടൂ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിലാണ് പ്രതികരണം.

റഹ്മാനുമായി ഒട്ടേറെ സിനിമകളിൽ സഹകരിച്ച കവി വൈരമുത്തുവിനെതിരെ റഹ്മാന്റെ ഒട്ടേറെ ഗാനങ്ങൾ പാടിയ ചിന്മയി ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഇരുവരുടെയും പേര് ട്വീറ്റിൽ പരാമർശിച്ചിട്ടില്ല.


‘മീടൂ മുന്നേറ്റം നിരീക്ഷിച്ചപ്പോൾ അതിലുയർന്ന വന്ന ചില ഇരകളുടെയും ആരോപണ വിധേയരുടെയും പേരുകൾ എന്നെ അത്ഭുതപ്പെടുത്തി.നമ്മുടെ സിനിമാ ലോകം കൂടുതൽ ശുദ്ധവും സ്ത്രീകൾക്കു ബഹുമാനം ലഭിക്കുന്നയിടവുമായി കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. സ്വന്തം അനുഭവങ്ങളുമായി മുന്നോട്ടുവന്ന എല്ലാവർക്കും എന്റെ പിന്തുണ. സമൂഹ മാധ്യമങ്ങൾ ഇരകൾക്കു സംസാരിക്കാൻ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. എന്നാൽ, ഇതു ദുരുപയോഗപ്പെടുത്താതിരിക്കാൻ നമുക്കു ജാഗ്രത പാലിക്കാം’- റഹ്മാൻ ട്വീറ്റ് ചെയ്തു.


വൈരമുത്തു സ്ത്രീകളോടു മോശമായി പെരുമാറുന്ന കാര്യം തമിഴ് സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണെന്നു റഹ്മാന്റെ സഹോദരി റൈഹാന ഇന്നലെ പറഞ്ഞിരുന്നു.