ആദിത്യനാഥിന്റെ കാൽതൊട്ടു വന്ദിച്ച് രമൺ സിങ് പത്രിക നൽകി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ടു വന്ദിക്കുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിങ്.

രാജ്നന്ദ്ഗാവ്∙ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിങ് നിയമസഭാ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. പത്രിക നൽകിയ ശേഷം 66 വയസ്സുള്ള രമൺ സിങ് 20 വയസ്സിളപ്പമുള്ള ആദിത്യനാഥിന്റെ കാൽതൊട്ടു വന്ദിച്ച് അനുഗ്രഹം തേടി.

1972 ൽ ജനിച്ച യോഗി ആദിത്യനാഥിനു 4 വയസ്സുള്ളപ്പോൾ രമൺ സിങ് ബിജെപിയുടെ ആദിരൂപമായ ഭാരതീയ ജനസംഘത്തിന്റെ വിദ്യാ‍ർഥി വിഭാഗം അധ്യക്ഷനായിരുന്നു.

സന്യാസി കൂടിയായ യോഗി ആദിത്യനാഥ്, ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപൂജാരിയാണ്. റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പട്ടപ്പോൾ അദ്ദേഹം ആദിത്യനാഥിനു മുന്നിൽ തലകുമ്പിടുന്ന ചിത്രം പുറത്തുവന്നിരുന്നു. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഒട്ടേറെ നേതാക്കൾ ആദിത്യനാഥിന്റെ കാൽതൊട്ടു വന്ദിക്കുകയും ചെയ്തു.

2008 ലും 2013 ലും രമൺസിങ് വിജയിച്ച മണ്ഡലമാണ് രാജ്നന്ദ്ഗാവ്. ബിജെപിയുടെ ഉന്നത നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന പരേതനായ എ.ബി. വാ‌ജ്പേയിയുടെ അനന്തരവൾ കരുണ ശുക്ലയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. നവംബർ 12 നാണ് വോട്ടെടുപ്പ്.