റെയിൽവേ ഫ്ലെക്സി നിരക്കിൽ ഇളവുകൾ

ന്യൂഡൽഹി∙ ദീപാവലി ഉൽസവകാലത്തു യാത്രക്കാർക്കു മധുര സമ്മാനവുമായി റെയിൽവേ. തിരക്കേറിയ സമയത്തു കൂടിയ ടിക്കറ്റ് തുക ഈടാക്കുന്നതിനുള്ള റെയിൽവേയുടെ ഫ്ലെക്സി നിരക്ക് സമ്പ്രദായം 15 പ്രീമിയം ട്രെയിനുകളിൽ പൂർണമായി ഒഴിവാക്കി. 32 ട്രെയിനുകളിൽ തിരക്കു കുറഞ്ഞ സമയങ്ങളിൽ ഈ പദ്ധതി ഉണ്ടാകില്ല. 101 ട്രെയിനുകളിൽ ഫ്ലെക്സി നിരക്കായി അടിസ്ഥാന ടിക്കറ്റ് തുകയുടെ 1.5 ഇരട്ടി ഈടാക്കിയിരുന്നത് 1.4 ഇരട്ടിയായി കുറയ്ക്കുകയും ചെയ്തതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. 

2016 സെപ്റ്റംബറിലാണ് 44 രാജധാനി, 52 തുരന്തോ, 46 ശതാബ്ദി എക്സ്പ്രസ് ട്രെയിനുകളിൽ ഫ്ലെക്സി നിരക്ക് സമ്പ്രദായം ഏർപ്പെടുത്തിയത്. ഫ്ലെക്സി സമ്പ്രദായമനുസരിച്ച് ഓരോ 10% ബെർത്തുകൾ ബുക്ക് ചെയ്തു പോകുമ്പോഴും ടിക്കറ്റ് ചാർജിൽ 10 % വർധനയാണു വരുക.