പട്ടേൽ അടിമുടി കോൺഗ്രസുകാരൻ: രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ സർദാർ വല്ലഭ് ഭായ് പട്ടേൽ സ്ഥാപിച്ച ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ, അദ്ദേഹത്തിന്റെ പേരിൽ ഐക്യത്തിന്റെ പ്രതിമ ഉദ്ഘാടനം ചെയ്യുന്നതു വിരോധാഭാസമാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മതഭ്രാന്തിനും വർഗീയതയ്ക്കുമെതിരെ പൊരുതിയ പട്ടേൽ അടിമുടി കോൺഗ്രസുകാരനായിരുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. 

പട്ടേൽ കോൺഗ്രസുകാരനായിരുന്നുവെന്നും എക്കാലവും അങ്ങനെയായിരിക്കുമെന്നും പാർട്ടി നേതാവ് മനീഷ് തിവാരി പറഞ്ഞു. ചരിത്രം തിരുത്തിയെഴുതാനുള്ള വ്യഗ്രതയിലാണു മോദി സർക്കാർ. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ സ്വതന്ത്രമായിരിക്കണമെന്നു സ്വപ്നം കണ്ട നേതാവാണു പട്ടേൽ. പക്ഷേ, ഒന്നിനു പിറകെ ഒന്നായി സർക്കാർ അവയ്ക്കു നേരെ ആക്രമണം അഴിച്ചുവിടുന്നു. ഏറ്റവും ഒടുവിലത്തേതാണ് റിസർവ് ബാങ്കിനു നേർക്കുള്ളതെന്നും അദ്ദേഹം വിമർശിച്ചു.