വിശ്വസിച്ചു, പ്രണയത്തിലായി; ചതിയെന്നറിഞ്ഞു പിൻമാറി: നവാസുദ്ദീനെതിരെ മുൻ മിസ് ഇന്ത്യ

നിഹാരികയും നവാസുദ്ദീനും

മുംബൈ∙ നടൻ നവാസുദ്ദീൻ സിദ്ദിഖി, സംവിധായകൻ സാജിദ് ഖാൻ, നിർമാതാവ് ഭൂഷൻ കുമാർ എന്നിവർക്കെതിരെ മീടൂ ആരോപണവുമായി മുൻ മിസ് ഇന്ത്യ നിഹാരിക സിങ് (36). സിദ്ദിഖിയുമായി പ്രണയത്തിലായത് നടനെ ആദ്യം വിശ്വസിച്ചതു കൊണ്ടാണെന്നും എന്നാൽ ചതിക്കപ്പെടുകയാണെന്നറിഞ്ഞു പിരിയുകയായിരുന്നെന്നും നിഹാരിക ട്വീറ്റ് ചെയ്തു.

ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഹൗസ്ഫുൾ 4 എന്ന സിനിമയിൽ നിന്ന് പുറത്തായ സാജിദ് ഖാൻ നടിമാരെ വളയ്ക്കുന്നതിനു ദൃക്‌സാക്ഷിയാണെന്നും പറയുന്നു. അവസരം വാഗ്ദാനം ചെയ്തശേഷം കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്നാണു ഭൂഷനെതിരെയുള്ള ആരോപണം.

ട്വീറ്റിൽ നിന്ന്

‘ 2009ൽ മിസ് ലവ്‌ലി എന്ന സിനിമയിൽ ഒപ്പം അഭിനയിച്ചപ്പോൾ പരിചയപ്പെട്ട സിദ്ദിഖിയുമായി അടുത്തു. വീട്ടിൽ പ്രഭാതഭക്ഷണത്തിനു ക്ഷണിച്ചപ്പോൾ നടൻ കടന്നു പിടിച്ചു. ശരിയായ പ്രണയമാണെന്നു കരുതി വഴങ്ങി. മിസ് ഇന്ത്യയെയോ നടിയെയോ ഭാര്യയാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നു പറഞ്ഞതു വിശ്വസിച്ചു. എന്നാൽ പലരുമായും ബന്ധമുണ്ടെന്നു മനസ്സിലായതോടെ പിരിഞ്ഞു. 2012ൽ കാൻ മേളയിൽ തമ്മിൽ കണ്ടപ്പോഴും അയാൾ കിടക്ക പങ്കിടാൻ ക്ഷണിച്ചു. ഒന്നും പറയേണ്ടെന്നു കരുതിയിരുന്നെങ്കിലും ആത്മകഥയിൽ സിദ്ദിഖി എന്നെ മോശമായി ചിത്രീകരിച്ചപ്പോൾ പ്രതികരിക്കേണ്ടി വന്നു.

ഭൂഷൻ സമീപിച്ചപ്പോൾ തക്ക മറുപടി കൊടുത്താണ് ഒതുക്കിയത്. എന്നാൽ പ്രതിഫലം തരാതെ അയാൾ പകരം വീട്ടി’’.

2005ലാണു നിഹാരിക മിസ് ഇന്ത്യ ആയത്. ഇവരുൾപ്പെടെയുള്ള സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ചും മറ്റും സിദ്ദിഖി എഴുതിയ ‘ആൻ ഓർഡിനറി ലൈഫ്’ എന്ന ആത്മകഥ നിഹാരികയുടെ പരാതിയെ തുടർന്നു വനിതാ കമ്മിഷൻ ഇടപെട്ടു പിൻവലിപ്പിക്കുകയായിരുന്നു.