നോട്ടുനിരോധനം ഇന്ത്യയെ പിന്നോട്ടടിച്ചു: രഘുറാം രാജൻ

വാഷിങ്ടൻ∙ നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ സാമ്പത്തികവളർച്ചയെ പിന്നോട്ടുതള്ളിയെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. 2012–2016 വർഷങ്ങളിലുള്ള സാമ്പത്തികകുതിപ്പിനു തടയിട്ടത് ഈ രണ്ടു എതിർശക്തികളാണ്. 2017ലെ 7% വളർച്ചാനിരക്ക് പര്യാപ്തമല്ല. ഇത് അടിസ്ഥാനവർധന മാത്രമാണ്. ഈ നിരക്കിലെങ്കിലും 10–15 വർഷം തുടർന്നാൽ മാത്രമേ ഇന്ത്യയ്ക്കു വളർച്ച നിലനിർത്താനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

കലിഫോർണിയ സർവകലാശാലയിൽ ‘ഇന്ത്യയുടെ ഭാവി’എന്ന വിഷയത്തിൽ 2–ാം ഭട്ടാചാര്യ പ്രഭാഷണം ‌നടത്തുകയായിരുന്നു അദ്ദേഹം. എന്തിനുമേതിനും രാഷ്ട്രീയതീരുമാനങ്ങൾ വേണ്ടിവരുന്നതു പ്രശ്നമാണ്. ഗുജറാത്തിൽ സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രതിമ നിർമാണപദ്ധതിക്കും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അംഗീകാരം നേടേണ്ടതായി വന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ തീരുമാനത്തിനു വിധേയമാണു ബൃഹദ് പദ്ധതികളെന്നു വരുന്നതു ശരിയല്ല. 

അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ആവശ്യക്കാർക്കു വൈദ്യുതി  ഉറപ്പാക്കിയും ബാങ്കുകളുടെ കിട്ടാക്കടങ്ങൾക്കു തടയിട്ടും വളർച്ച ഉറപ്പു വരുത്താനാകും. 

ആഗോളവളർച്ചയ്ക്കു അനുസൃതമായി ഇന്ത്യയും വളർന്നില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ല. ആഗോളസാമ്പത്തികരംഗം ഉണരുമ്പോഴായിരുന്നു രാജ്യത്തിന്റെ വളർച്ചയ്ക്കു തിരിച്ചടി നേരിട്ടതെന്നും രഘുറാം ഓർമിപ്പിച്ചു.