ഡ്രോൺ, ഹെലികോപ്റ്റർ, പട്ടാളം.. മാവോയിസ്റ്റ് ശക്തികേന്ദ്രത്തിൽ ഇന്നു പോളിങ്

റായ്പുർ∙ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രം ഇന്ന് പോളിങ് ബൂത്തിലേക്ക്. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന പോര് ഇന്ന്. മുഖ്യമന്ത്രി രമൺസിങ്ങും മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയും ഏറ്റുമുട്ടുന്ന രാജ്നന്ദൻഗാവും ഇന്നു വിധിയെഴുതുന്ന 18 മണ്ഡലങ്ങളിലുണ്ട്. ബിജെപിയിലായിരുന്ന കരുണ ശുക്ല പിന്നീടു കോൺഗ്രസിൽ ചേർന്നു. 

15 വർഷമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായ രമൺ സിങ് കഴിഞ്ഞ 2 തവണയും രാജ്നന്ദൻഗാവിൽനിന്നാണു ജയിച്ചത്. പേരിനു മാത്രമാണ് രമൺ സിങ്  ഇവിടെ പ്രചാരണം നടത്തിയത്. മകൻ അഭിഷേക് സിങ് ആണ് പിതാവിനു വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്നത്.

സിപിഐ സ്ഥാനാർഥിക്കു ജയസാധ്യത കൽപിക്കുന്ന ദന്തേവാഡയിലും ഇന്നാണ് തിരഞ്ഞെടുപ്പ്. മന്ത്രിമാരായ മഹേഷ് ഗഗ്ഡ ബിജാപുരിലും കേദാർ കശ്യപ് നാരായൺപുരിലും മൽസരിക്കുന്നു.

4336 പോളിങ് ബൂത്തുകളിലായി 31.79 ലക്ഷം വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. തൊണ്ണൂറംഗ നിയമസഭയിൽ നവംബർ 20 നാണ് രണ്ടാംഘട്ട പോളിങ്. ഡിസംബർ 11 ന് വോട്ടെണ്ണും. 

കോൺഗ്രസും ബിജെപിയുമായിരുന്നു ഇതുവരെ നേരിട്ട് ഏറ്റുമുട്ടിയിരുന്നെങ്കിൽ ഛത്തീസ്ഗഡിന്റെ ചരിത്രത്തിൽ ആദ്യമായി മൂന്നാം മുന്നണിയും ഇത്തവണയുണ്ട്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന അജിത് ജോഗി രൂപീകരിച്ച ജനതാ കോൺഗ്രസ്, ബിഎസ്പിയുമായും സിപിഐയുമായും ചേർന്ന് മൽസരിക്കുന്നു. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബസ്തർ മേഖലയിലെ 18 സീറ്റിൽ 12 എണ്ണവും കോൺഗ്രസാണു നേടിയത്. 

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ സംസ്ഥാനത്തെത്തിയിരുന്നു.

സുരക്ഷയ്ക്കായി ഡ്രോണുകളും

മാവോയിസ്റ്റ് ഭീഷണി ചെറുക്കുന്നതിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു ഛത്തീസ്ഗഡ് പൊലീസ് സ്പെഷ്യൽ ഡയറക്ടർ ജനറൽ (ആന്റി നക്സൽ ഓപ്പറേഷൻസ്) ഡി.എം. അവസ്തി പറഞ്ഞു.  സുരക്ഷാകാരണങ്ങളാൽ വിദൂര കേന്ദ്രങ്ങളിലുള്ള 200 പോളിങ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരെ ഹെലികോപ്റ്റർ വഴി എത്തിച്ചിരുന്നു. സുരക്ഷയ്ക്കായി ഡ്രോണുകളും ഒരുക്കിയിട്ടുണ്ട്.

ഛത്തീസ്ഗഡ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്

∙ 8 ജില്ലകൾ– രാജ്നന്ദൻഗാവ്, കോണ്ഡഗാവ്, കൻകെർ, ബസ്തർ, നാരായൺപുർ, ബിജാപുർ, സുക്മ, ദന്തേവാഡ 

∙ 18 മണ്ഡലങ്ങൾ

∙ 190 സ്ഥാനാർഥികൾ

∙ വോട്ടർമാർ: 31,79,520

∙ പോളിങ് ബൂത്തുകൾ: 4,336

∙ 18 മണ്ഡലങ്ങൾ ഉൾപ്പെടുന്ന പ്രദേശം വിസ്തീർണത്തിൽ കേരളത്തേക്കാൾ വലുത്. ഇന്നു തിരഞ്ഞെടുപ്പു നടക്കുന്ന പ്രദേശത്തിന്റെ വിസ്തീർണം: 48,912 ചതുരശ്ര കിലോമീറ്റർ. കേരളത്തിന്റെ വിസ്തീർണം: 38,863 ചതുരശ്ര കി.മീ

2013 ലെ സ്ഥിതി

∙ ഫലം: കോൺഗ്രസ്: 12 ബിജെപി: 6

∙ ആകെ പോളിങ്: 75.91%

∙ കോണ്ട, ബിജാപുർ, ദന്തേവാഡ എന്നീ 3 മണ്ഡലങ്ങളിലെ 59 ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് ആരും വോട്ട് ചെയ്തില്ല.

∙ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് ഡോംഗർഗാവ് മണ്ഡലത്തിൽ 85.19% 

∙ കുറവ് ബിജാപുരിൽ – 44.96%.  

∙ മുഖ്യമന്ത്രി രമൺസിങ് മൽസരിച്ച രാജ്നന്ദൻഗാവിൽ പോളിങ്: 82.36%.