നിയന്ത്രണരേഖയിൽ പാക്ക് വെടിവയ്പ്; മലയാളി ജവാന് വീരമൃത്യു

ഹൃദയം തകർന്ന്: കശ്മീരിൽ വീരമൃത്യു വരിച്ച സൈനികൻ ആന്റണി സെബാസ്റ്റ്യന്റെ ഏക സഹോദരി നിവ്യ എറണാകുളം ഉദയംപേരൂരിലെ വീട്ടിൽ. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ. ഇൻസെറ്റിൽ ആന്റണി

ശ്രീനഗർ ∙ കശ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപം വെടിനിർത്തൽ കരാർ ലംഘിച്ചു പ്രകോപനമില്ലാതെ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ എറണാകുളം ഉദയംപേരൂർ സ്വദേശി ജവാനു വീരമൃത്യു. ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യൻ (34) ആണു പാക്ക് വെടിയേറ്റു വീരമൃത്യു വരിച്ചത്. 

നിയന്ത്രണ രേഖയ്ക്കു (എൽഒസി) സമീപം കൃഷ്ണഘട്ടി സെക്ടറിൽ (മെൻഥാർ) ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണു പാക്ക് സൈന്യം വെടിവയ്പ് ആരംഭിച്ചത്. ഹവിൽദാർ ഡി. മാരിമുത്തുവിന് ഗുരുതര പരുക്കേറ്റു. ഇദ്ദേഹത്തെ പൂഞ്ചിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. ‌അന്ന ഡയാന ജോസഫ് ആണു കൊല്ലപ്പെട്ട ആന്റണി സെബാസ്റ്റ്യന്റെ ഭാര്യ.