ഗെലോട്ടും സച്ചിനും മൽസരിക്കും; രാജസ്ഥാനിൽ രണ്ടും കൽപിച്ച് കോൺഗ്രസ്

അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്

ന്യൂഡൽഹി∙ മുഖ്യമന്ത്രി പദത്തിനായുള്ള പോര് കടുപ്പിച്ച് രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മുൻനിര നേതാക്കളായ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും മൽസരിക്കുന്നു. പാർട്ടി ആസ്ഥാനത്തു സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുവരും സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കുകയായിരുന്നു. തങ്ങൾക്കിടയിൽ അധികാരത്തർക്കമില്ലെന്നും ഒരേ സ്വരത്തിൽ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയായ ഗെലോട്ട് ദേശീയ നേതൃത്വത്തിലേക്കു ചുവടുമാറിയതിനാൽ ഇക്കുറി മൽസരിക്കില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ നിർദേശവും ഗെലോട്ടിന്റെ അഭ്യർഥനയും കണക്കിലെടുത്താണു താൻ മൽസരിക്കുന്നതെന്നു സച്ചിൻ പൈലറ്റ് പറഞ്ഞു.

തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഏറ്റവും വിജയസാധ്യത കൽപിക്കപ്പെടുന്ന രാജസ്ഥാനിൽ 2 പ്രമുഖ നേതാക്കൾ ഒന്നിച്ചിറങ്ങുന്നതു രാഷ്ട്രീയഗോദയിൽ പാർട്ടിക്കു ഗുണം ചെയ്യുമെങ്കിലും മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലിയും മുറുകും. സ്ഥാനാർഥിപ്പട്ടികയിൽ ഇതനുസരിച്ച് അനുയായികളെ പരമാവധി തിരുകിക്കയറ്റാൻ ഇരുകൂട്ടരും ശ്രമിക്കും.

തന്ത്രം മാറ്റി കോൺഗ്രസ്

മധ്യപ്രദേശിൽ മുഖ്യമന്ത്രി പദത്തിലേക്കു കണ്ണെറിയുന്ന ജ്യോതിരാദിത്യ സിന്ധ്യയെയും കമൽനാഥിനെയും മൽസരരംഗത്തു നിന്നു മാറ്റിനിർത്തിയ കോൺഗ്രസ്, രാജസ്ഥാനിൽ തന്ത്രം മാറ്റിക്കളിക്കുന്നതു 2 ലക്ഷ്യങ്ങളോടെയാണ്:

1) ഇരു നേതാക്കളെയും ഒരേ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടുക വഴി തിരഞ്ഞെടുപ്പിനു മുൻപു ചേരിപ്പോര് ഒഴിവാക്കുക.

2) സമുദായ– ജാതി സമവാക്യങ്ങൾ പാലിച്ചു നേട്ടം കൊയ്യുക. ഒബിസി വിഭാഗങ്ങളിൽപ്പെട്ട സച്ചിൻ (ഗുജ്ജർ), ഗെലോട്ട് (മാലി) എന്നിവരുടെ സാന്നിധ്യം ഇതിൽ നിർണായകമാണ്; മാലി സമുദായാംഗമായ മദൻലാൽ സെയ്നിയെ ഈയിടെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.

മുഖ്യമന്ത്രി പിന്നീട്

സിറ്റിങ് സീറ്റായ ജോധ്പുരിലെ സർദാർപുരയിൽ തന്നെ ഗെലോട്ട് മൽസരിച്ചേക്കും. അജ്മേർ എംപിയായിരുന്ന സച്ചിനു നിയമസഭയിലേക്കുള്ള കന്നിയങ്കമാണിത്. അജ്മേർ ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട കേക്‌രി, മസൂദ നിയമസഭാ മണ്ഡലങ്ങളിലൊന്നിൽ മൽസരിക്കാനാണു സാധ്യത.

ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി പദത്തിലേക്കു രാഹുൽ തിരഞ്ഞെടുക്കുക യുവ നേതാവായ സച്ചിനെയായിരിക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ഗെലോട്ടിനെ ഡൽഹി നേതൃനിരയിൽ നിലനിർത്തിയേക്കും.