മീടൂ:ആലോക് നാഥിനെ സംഘടന പുറത്താക്കി

മുംബൈ ∙ ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന മുതിർന്ന നടൻ ആലോക് നാഥിനെ സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (സിന്റ) പുറത്താക്കി. 19 വർഷം മുൻപ് ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ നടനിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചു സംവിധായിക വിന്റ നന്ദയാണു മീടൂ ക്യാംപയിൻ വഴി ആരോപണം ഉന്നയിച്ചത്. തുടർന്നു നടിമാരായ ദീപിക അമിൻ, രേണുക ഷഹാനെ എന്നിവരും ആലോക് നാഥിനെതിരെ രംഗത്തെത്തിയിരുന്നു. 

അതിനിടെ, തമിഴ് സൂപ്പർ താരം അർജുന്റെ പരാതിയിൽ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ നടി ശ്രുതി ഹരിഹരൻ കർണാടക ഹൈക്കോടതിയെ സമീപിച്ചു. സിനിമാ ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയെന്ന ശ്രുതിയുടെ ആരോപണത്തിനെതിരെയാണ് അർജുൻ പരാതി നൽകിയത്.