കോൺഗ്രസ് പട്ടിക വൈകുന്നു; രാജസ്ഥാനിൽ 12 നേതാക്കൾ പ്രഖ്യാപനം കാക്കാതെ പത്രിക നൽകി

ജയ്പുർ∙ കാത്തുകാത്തു മടുത്ത കോൺഗ്രസുകാർ രാജസ്ഥാനിൽ ഔദ്യോഗിക സ്ഥാനാർഥി പട്ടിക വരും മുൻപേ നാമനിർദേശ പത്രിക കൊടുത്തുതുടങ്ങി. മുൻമന്ത്രിയും 2 എംഎൽഎമാരും അടക്കം 12 മുതിർന്ന നേതാക്കളാണു പത്രിക നൽകിയത്. അതിനിടെ ചില നേതാക്കളുടെ പേരുവച്ചു കോൺഗ്രസ് പട്ടിക എന്ന പേരിൽ വ്യാജ വാർത്തയുമിറങ്ങി.

ഭൂരിപക്ഷം സീറ്റുകളിലും ധാരണയായെന്നും എപ്പോൾ വേണമെങ്കിലും പ്രഖ്യാപനം നടത്താമെന്നുമാണു കഴിഞ്ഞ ആഴ്ചകളിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്നാൽ അവസാന ചർച്ചകൾക്കായി നേതാക്കൾ ഡൽഹിയിലേക്കു വണ്ടി കയറിയ ശേഷം അനക്കമൊന്നുമില്ല.

ബിജെപി 162 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസിലാകട്ടെ, മുഖ്യമന്ത്രി സ്ഥാനത്തു കണ്ണുള്ള മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ് എന്നിവർ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചതൊഴിച്ചാൽ ആരുടെയും കാര്യത്തിൽ തീരുമാനമായില്ല. ഇതോടെയാണു ചിലർ പത്രിക നൽകിയത്.

ഗെലോട്ടും പൈലറ്റുമായുള്ള വടംവലി തന്നെയാണു പട്ടിക വൈകാൻ പ്രധാന കാരണം. ബിജെപി വിട്ടു കോൺഗ്രസിലേക്കു മന്ത്രിമാരടക്കം വരുന്നതാണു പട്ടിക വൈകിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. ഇവരിൽ പലർക്കും സീറ്റ് നൽകി പോരാട്ടം അനുകൂലമാക്കാമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്. എന്നാൽ പുറത്തുനിന്നുള്ളവർക്കു സീറ്റു നൽകുന്നത് അണികളിലുണ്ടാക്കിയേക്കാവുന്ന പ്രതിഷേധവും പരിഗണിക്കാതെ വയ്യ. ഏകദേശ ധാരണയുണ്ടാക്കിയ സീറ്റുകളിൽ അഴിച്ചുപണിയും വേണ്ടിവരുന്നു.

പത്രിക നൽകാൻ 19 വരെയാണു സമയം.