ഇന്ത്യയിലെ ജയിൽ സുരക്ഷിതമെന്നു ബ്രിട്ടിഷ് കോടതി; ചൗളയുടെ വാദം പൊളിഞ്ഞു

വിജയ് മല്യ

ന്യൂഡൽഹി ∙ തന്നെ ഇന്ത്യക്കു കൈമാറുന്നതിനെതിരെ വിവാദ മദ്യവ്യവസായി വിജയ് മല്യ ഉന്നയിച്ച വാദം നിലനിൽക്കില്ലെന്ന സൂചന നൽകി മറ്റൊരു കേസിൽ നിർണായക കോടതി വിധി. 2000ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഒത്തുകളി നടത്തിയെന്ന കേസിലെ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യക്കു കൈമാറുന്നതിനെതിരായ ഉത്തരവ് റദ്ദാക്കിയതാണ് മല്യയുടെ സ്ഥിതിയും പരുങ്ങലിലാക്കിയത്. സഞ്ജീവ് ചൗള കുറ്റക്കാരനെന്നു ബ്രിട്ടനിലെ മജിസ്ട്രേട്ട് കോടതി കണ്ടെത്തിയിരുന്നു.

എന്നാൽ ഇന്ത്യയിലെ തിഹാർ ജയിൽ സുരക്ഷിതമല്ലെന്ന അയാളുടെ വാദം അംഗീകരിച്ച് ചൗളയെ ഇന്ത്യക്കു കൈമാറാൻ കോടതി തയാറായില്ല. ഇന്ത്യയുടെ അപ്പീൽ കേട്ട ഹൈക്കോടതി കീഴ്ക്കോടതി വിധി റദ്ദാക്കുകയും ഇന്ത്യ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ തിഹാർ ജയിലിലേക്ക് അയയ്ക്കുന്നതു ചൗളയ്ക്ക് അപകടകരമല്ലെന്നു വിധിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നു മുങ്ങിയ മല്യയും ജയിൽ സുരക്ഷ ഇല്ലെന്ന വാദമുന്നയിച്ചാണ്, വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷയെ എതിർത്തത്.

മല്യ സിൽ വാദം തുടർന്നുവരുന്നതിനിടയിലാണ് ചൗളയുടെ കേസിൽ വിധി വന്നത്. മല്യക്കുള്ള ജയിൽ സൗകര്യങ്ങൾ വ്യക്തമാക്കുന്ന വിഡിയോ ഇന്ത്യ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ചൗളയെ ഇന്ത്യക്കു വിട്ടുകിട്ടുന്നതിനുള്ള കേസ് ഇനി മജിസ്ട്രേട്ട് കോടതി തന്നെ വീണ്ടും പരിഗണിക്കും. 1996 വരെ ഇന്ത്യയിലുണ്ടായിരുന്ന ഇയാൾ ബിസിനസ് വീസയിലാണ് ഇന്ത്യ വിട്ടത്. 2000ൽ ഇന്ത്യ ഇയാളുടെ പാസ്പോർട്ട് റദ്ദാക്കി. 2005ൽ യുകെ പാസ്പോർട്ട് സമ്പാദിച്ചു. 2016ലാണ് ഇയാളെ വിട്ടുകിട്ടാൻ ഇന്ത്യ യുകെയെ സമീപിച്ചത്.