രാജസ്ഥാനിൽ വസുന്ധരയെ നേരിടാൻ ജസ്വന്തിന്റെ മകൻ; രജപുത്രരുടെ ശക്തികേന്ദ്രത്തിൽ തീപാറും

ജയ്പൂർ ∙ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കെതിരെ മുൻ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്ര സിങ്ങിനെ കോൺഗ്രസ് രംഗത്തിറക്കി. രജപുത്രനേതാവും ബിജെപി മുൻഎംഎൽഎയുമായ മാനവേന്ദ്രസിങ് ഈയിടെയാണു കോൺഗ്രസിൽ ചേർന്നത്. ഇതോടെ വസുന്ധര– മാനവേന്ദ്ര മൽസരം നടക്കുന്ന ഝാൽറാപാഠൻ, സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാകും. മാനവേന്ദ്ര സിങ്ങിന്റെ ഭാര്യ ചിത്ര സിങ് ആയിരിക്കും മുഖ്യമന്ത്രിക്കെതിരെയുള്ള സ്ഥാനാർഥിയെന്നായിരുന്നു ശ്രുതി. എന്നാൽ വസുന്ധര രാജെയോടു രജപുത്ര വിഭാഗക്കാർക്കിടയിലുള്ള വ്യാപകമായ എതിർപ്പു മുതലെടുക്കാനാണ്, ലോക്സഭയിലേക്കു മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചു മാറിനിന്ന മാനവേന്ദ്ര സിങ്ങിനെത്തന്നെ സ്ഥാനാർഥിയാക്കിയത്.

2014ൽ ലോക്സഭയിലേക്കു ജസ്വന്ത് സിങ്ങിനു ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. രജപുത്രർക്കു നിർണായക സ്വാധീനമുള്ള മണ്ഡലത്തെ 2003 മുതൽ പ്രതിനിധീകരിക്കുന്നതു വസുന്ധര രാജെയാണ്. ഝാൽറാപാഠൻ അടങ്ങുന്ന ഝാലാവാഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതു മുഖ്യമന്ത്രിയുടെ മകൻ ദുഷ്യന്ത് സിങ്ങും. മാനവേന്ദ്ര സിങ് 1999ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. 2004ൽ ലോക്സഭാംഗമായ സിങ് 2013ൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ ബിജെപിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട അദ്ദേഹം കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ എത്തിയത്. ഝാൽറാപാഠൻ അടക്കം 32 മണ്ഡ‍ലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടികയാണു കോൺഗ്രസ് ഇന്നലെ പുറത്തിറക്കിയത്. ഇതോടെ 184 സീറ്റികളിലേക്കുള്ള പാർട്ടി സ്ഥാനാർഥികളുടെ പട്ടികയായി.

ബാക്കിയുള്ള 16 സീറ്റുകളിൽ മൂന്നെണ്ണം സമാജ്‍വാദി പാർട്ടിക്കും രണ്ടെണ്ണം രാഷ്ട്രീയ ലോക്ദളിനും വിട്ടുകൊടുക്കും. രണ്ടാമത്തെ പട്ടികയിലുള്ള 6 വനിതകൾ അടക്കം ആകെ വനിതാ സ്ഥാനാർഥികളുടെ എണ്ണം 25 ആയി. ഡിസംബർ 7നു നടക്കുന്ന തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 19. 5 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുമായി ബിജെപിയുടെ മൂന്നാമത്തെ പട്ടികയും ഇന്നലെ പുറത്തിറക്കി. 6 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഒഴിവാക്കപ്പെട്ട എംഎൽഎമാരുടെ എണ്ണം 46 ആയി. ഇതിൽ 5 പേർ നിലവിലുള്ള മന്ത്രിസഭയിലെ അംഗങ്ങളാണ്. 170 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 200 മണ്ഡലങ്ങളാണ് ആകെയുള്ളത്.