സഖ്യകക്ഷികൾക്കെല്ലാം സീറ്റ്; കോൺഗ്രസിന്റെ അന്തിമ പട്ടിക തയാർ

ജയ്പുർ∙ സഖ്യകക്ഷികളായ രാഷ്ട്രീയ ലോക്ദൾ, ലോക്താന്ത്രിക് ജനതാദൾ, എൻസിപി എന്നിവയ്ക്കു സീറ്റുകൾ വിട്ടു നൽകി കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടിക പുറത്ത്. താരതമ്യേന ദുർബലരായ സഖ്യകക്ഷികൾക്കു സീറ്റ് നൽകുക വഴി ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശാല മുന്നണി രൂപീകരണം സുഗമമാക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. 200 അംഗ നിയമസഭയിലേക്ക് ഒരു സീറ്റ് ഒഴിച്ചിട്ടാണ് ഇന്നലെ പട്ടിക പുറത്തിറക്കിയത്. കോൺഗ്രസ് ബന്ധത്തിൽ ഇനിയും വ്യക്തമായ തീരുമാനം എടുക്കാത്ത സമാജ്‍വാദി പാർട്ടിയെ ഉദ്ദേശിച്ചാണ് ഈ സീറ്റ്.

രാഷ്ട്രീയ ലോക്ദൾ, ലോക്താന്ത്രിക് ജനതാദൾ എന്നിവർക്കു 2 സീറ്റ് വീതവും എൻസിപിക്ക് ഒരു സീറ്റുമാണ് നൽകിയിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 184 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സഖ്യകക്ഷികൾക്കു വിട്ടുകൊടുത്തശേഷം ബാക്കിയുള്ള 10 സീറ്റുകളിലേക്കു പാർട്ടി സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഡിസംബർ 7നു നടക്കുന്ന തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. ഇതിനിടെ, മകനു സീറ്റ് നൽകാഞ്ഞതിൽ പ്രതിഷേധിച്ച് മുൻ കോൺഗ്രസ് എംഎൽഎ മമത ശർമ ബിജെപിയിൽ ചേർന്നു. മകനു സീറ്റ് നൽകാമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ ഉറപ്പു നൽകിയതായി മമത അറിയിച്ചു.

കോൺഗ്രസ് വനിതാ നേതാവിനു സസ്പെൻഷൻ

തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാൻ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ് പണം വാങ്ങിയെന്നാരോപിച്ച വനിതാ നേതാവ് സ്പർധ ചൗധരിയെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഫുലേര സീറ്റിൽ ഇവർ സ്ഥാനാർഥിയാകും എന്നു പ്രതീക്ഷിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് ഇവരുടെ അനുയായികൾ മാർച്ച് നടത്തുകയും ചെയ്തു. 6 വർഷത്തേക്കാണു സസ്പെൻഷൻ.