ഛത്തീസ്‌ഗഡിൽ 2–ാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ഛത്തീസ്ഗഡിൽ ഇന്നു നടക്കുന്ന വോട്ടെടുപ്പിനായി റായ്പുരിലെ വിതരണ‌ കേന്ദ്രത്തിൽനിന്ന് പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങുന്ന ഉദ്യോഗസ്ഥർ. ചിത്രം: പിടിഐ

റായ്പുർ∙ ഛത്തീസ്ഗഡിൽ 72 മണ്ഡലങ്ങളിൽ 2–ാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 18 മണ്ഡലങ്ങളിൽ കഴിഞ്ഞ 12 നു വോട്ടെടുപ്പു നടന്നിരുന്നു. മുൻനിരനേതാക്കളെല്ലാം അവസാനഘട്ട പ്രചാരണത്തിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയുടെ പ്രചാരണം നയിച്ചപ്പോൾ, രാഹുൽ ഗാന്ധി കോൺഗ്രസിനു വേണ്ടി ഇറങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു 49 സീറ്റാണു ലഭിച്ചത്. കോൺഗ്രസിനു 39. ഇരുപാർട്ടികളുടെയും വോട്ടുവിഹിതത്തിൽ 0.7 % മാത്രം വ്യത്യാസം. 4.3 % വോട്ട് ബിഎസ്പിക്കും ലഭിച്ചു. 

3 തവണയായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ 3–ാം ശക്തിയായി അജിത് ജോഗിയുടെ ജനതാ കോൺഗ്രസുണ്ട്. ബിഎസ്പി, സിപിഐ കക്ഷികളുമായി ചേർന്നു സഖ്യമുണ്ടാക്കിയാണു ജോഗിയുടെ രംഗത്തുള്ളത്. മർവാഹിയിൽ അജിത് ജോഗി ഇന്നു ജനവിധി തേടും.

ബിജെപി മന്ത്രിമാരായ ബ്രിജ് മോഹൻ അഗർവാൾ (റായ്പുർ സിറ്റി സൗത്ത്), രാജേഷ് മുനാത് (റായ്പുർ സിറ്റി വെസ്റ്റ്), അമർ അഗർവാൾ (ബിലാസ്പുർ), ബിജെപി പ്രസിഡന്റ് ധരംലാൽ കൗശിക് (ബില്ഹ) തുടങ്ങിയവർ ഇന്ന് ജനവിധി തേടും. 

മുഖ്യമന്ത്രി രമൺ സിങ് ആദ്യഘട്ട മൽസരത്തിലാണ് ജനവിധി തേടിയത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപേഷ് ബാഹൽ (പട്ടാൻ), പ്രതിപക്ഷ നേതാവ് ടി. എസ്.സിങ് ദേവ് (അംബികാപുർ) എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന കോൺഗ്രസിലെ പ്രമുഖർ.

ആദ്യഘട്ടത്തിൽ 76.28 % പോളിങ് ആണു നടന്നത്. ഡിസംബർ 11 നാണ് വോട്ടെണ്ണൽ.