അവസാനനിമിഷം സ്ഥാനാർഥിപ്പട്ടിക പരിഷ്കരിച്ച് കോൺഗ്രസ്, ബിജെപി; സച്ചിൻ പൈലറ്റിനെതിരെ യൂനുസ് ഖാൻ

സച്ചിൻ പൈലറ്റ്, യൂനുസ് ഖാൻ

ജയ്പുർ∙ സ്ഥാനാർഥി പട്ടികയിൽ അവസാനനിമിഷം പൊളിച്ചുപണി നടത്തി ബിജെപിയും കോൺഗ്രസും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ് മൽസരിക്കുന്ന ടോങ്ക് മണ്ഡലത്തിൽ ബിജെപി പ്രഖ്യാപിച്ചിരുന്ന അജിത് സിങ് മേത്തയെ പിൻവലിച്ച് ഗതാഗത മന്ത്രി യൂനുസ് ഖാനെ രംഗത്തിറക്കിയതാണ് ഇതിൽ ശ്രദ്ധേയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനു അജിത് സിങ് മേത്ത ജയിച്ച മണ്ഡലമാണു ടോങ്ക്. മേത്തയെ പിൻവലിച്ചാണു ബിജെപി തങ്ങളുടെ ഏക മുസ്‌ലിം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

കോൺഗ്രസാകട്ടെ 46 വർഷത്തിനുശേഷം ആദ്യമായാണ് ഇവിടെ മുസ്‌ലിം അല്ലാത്ത സ്ഥാനാർഥിയെ മൽസരിപ്പിക്കുന്നത്. ടോങ്കിൽ 25% മു‍സ്‌ലിം വോട്ടർമാരുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിട്ടും മുസ്‌ലിംകളെ ഒഴിവാക്കുക എന്ന ആർഎസ്എസ് നയം മൂലം യൂനുസ്‌ ഖാനു സീറ്റു നൽകിയിരുന്നില്ല. അവസാനം വസുന്ധര നടത്തിയ ഇടപെടലുകളാണു ഖാനു സീറ്റ് ഉറപ്പാക്കിയത്. ഖേർവാഡ മണ്ഡലത്തിൽ ശങ്കർലാൽ ഖരാടിയെ മാറ്റി നാനാലാ ആഹ്‍രിയെ മൽസരിപ്പിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ നാളെ പ്രചാരണം ആരംഭിക്കും.

അതിനിടെ, ബിജെപി സീറ്റു നിഷേധിച്ച രാംഗഡ് മണ്ഡലത്തിലെ എംഎൽഎ ജ്ഞാൻ ദേവ് അഹൂജ പാർട്ടി വിട്ടു. സ്വതന്ത്രനായി മൽസരിക്കുമെന്നും പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ട് അവസാന പട്ടിക പ്രഖ്യാപിച്ച കോൺഗ്രസും രാത്രി വൈകി പട്ടിക പരിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് രാമേശ്വർ ദൂതി മൽസരത്തിൽനിന്നു പിൻമാറുമെന്നു ഭീഷണി മുഴക്കിയതോടെയാണ് ഇതു വേണ്ടി വന്നത്. ബിക്കാനേർ ഈസ്റ്റ് മണ്ഡലത്തിൽ കനയ്യലാൽ ഝാവറിനെ മാറ്റി പുതിയ സ്ഥാനാർഥിയെ കൊണ്ടുവന്നതാണു ദൂതിയെ ചൊടിപ്പിച്ചത്.

എസ്പിക്കായി ഒഴിച്ചിട്ടിരുന്ന സീറ്റിലും കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചു. ഇതോടെ സംസ്ഥാനത്തെ 195 സീറ്റുകളിൽ കോൺഗ്രസ് മൽസരിക്കും. 5 സീറ്റുകൾ സഖ്യകക്ഷികൾക്കാണ്. ഇരു പാർട്ടികളിലും നിരവധി നേതാക്കൾ വിമതരായി പത്രിക നൽകി.

കോട്ട രാജകുടുംബം ബിജെപിക്കൊപ്പം

കോട്ട രാജകുടുംബം കൂറുമാറി ബിജെപി പക്ഷത്തു ചേർന്നതോടെ മുൻ കോൺഗ്രസ് എംപിയും രാജ കുടുംബാംഗവുമായ പരേതനായ ഇജ്യരാജ സിങ്ങിന്റെ ഭാര്യ കൽപന രാജെയ്ക്ക് മൽസരിക്കാൻ സീറ്റ്. ഇതോടെ കിഴക്കൻ മേഖലയിലെ രജപുത്ര വോട്ടുകൾ അനുകൂലമാക്കാമെന്നാണു വസുന്ധരയുടെ കണക്കുകൂട്ടൽ. ദേശീയ വനിതാ കമ്മിഷൻ മുൻ ചെയർമാനും കോൺഗ്രസുകാരിയുമായ മംമ്താ ശർമയും ബിജെപിയിൽ ചേർന്നു. പിപാൽദ മണ്ഡലത്തിൽ മൽസരിക്കും.

പാർട്ടിക്ക് വിധേയൻ: ഗെലോട്ട്

ഒരു പദവിയും പ്രധാനമല്ലെന്നും പാർട്ടി അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്നും മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജോധ്പുരിലെ സർദാർപുരയിൽ അദ്ദേഹം പത്രിക സമർപ്പിച്ചു.